ജി മാധവന്‍ നായര്‍ ഐഐടി പദവി ഒഴിഞ്ഞു

പാട്‌ന| WEBDUNIA| Last Modified ശനി, 28 ജനുവരി 2012 (10:20 IST)
ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പാട്‌ന ഐ ഐ ടി ഭരണസമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞരെ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.

തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും സ്ഥാനം ഒഴിയുന്നത് സ്വമേധയാ ആണെന്നും മാധവന്‍ നായര്‍ പറഞ്ഞു. വിലക്കിയ വിവരം സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് ബാന്‍ഡ് സ്‌പെക്ട്രം അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് മാധവന്‍ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞരെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവ് വന്നത്. ഐ എസ് ആര്‍ ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കമ്പനിക്ക് എസ് ബാന്റ് സ്പെക്ട്രം കരാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം.ഐ എസ് ആര്‍ ഒയിലെ മുന്‍ സെക്രട്ടറി എ ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ ആര്‍ സിദ്ധമൂര്‍ത്തി, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവരാണ് വിലക്ക് നേരിടുന്ന മറ്റ് ശാസ്ത്രജ്ഞര്‍.

ആരോപണം അന്വേഷിക്കാന്‍ രണ്ട് ഉന്നതാധികാര സമിതിയെ നിയമിച്ചിരുന്നു. സമിതികള്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :