ജി മാധവന്‍ നായരുടെ വിലക്ക് നീക്കിയേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരുടെ വിലക്ക് പിന്‍വലിക്കാന്‍ സാധ്യത. നടപടി പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ശാസ്ത്രലോകത്തു നിന്ന് ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് മാധവന്‍ നായരടക്കം നാലു ശാസ്ത്രജ്ഞന്മാര്‍ക്കെതിരെയുളള വിലക്ക് പിന്‍വലിക്കാന്‍ ആലോചിക്കുന്നത്. ശാസ്ത്രജ്ഞരോട് യാതൊരു എതിര്‍പ്പുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി നാരായണസ്വാമി അറിയിച്ചു.

മാധവന്‍ നായരെയും മറ്റ് മൂന്ന് ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിലക്കിയതിനെതിരെ പ്രൊഫ. സി എന്‍ ആര്‍ റാവു കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. മാധവന്‍ നായരെ എച്ചില്‍ പോലെ സര്‍ക്കാര്‍ കുപ്പത്തൊട്ടിയിലെറിഞ്ഞു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി തലവനാണ് റാവു.

രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അഴിമതി നടത്തുന്നവരെ സര്‍ക്കാര്‍ സ്പര്‍ശിക്കുന്നേയില്ല. മറിച്ച് ഇന്ത്യയ്ക്ക് വേണ്ടിയും ഐഎസ്ആര്‍ഒയ്ക്കു വേണ്ടിയും ദീര്‍ഘകാലം പ്രവര്‍ത്തിച്ച മാധവന്‍ നായരെപ്പോലുള്ളവരെ എച്ചില്‍ പോലെ കണക്കാക്കുകയാണ്. ഇത് ചെയ്യരുതായിരുന്നു. സഹമന്ത്രി വി നാരായണ സ്വാമിയെയും റാവു രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മാധവന്‍ നായര്‍ക്ക് റാവു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :