ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 17 ജനുവരി 2013 (13:08 IST)
PRO
PRO
ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ. രാഷ്ട്രപതി ഭരണത്തിനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അംഗീകരിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാവും. നിയമസഭ പിരിച്ചുവിടാനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും ഗവര്‍ണര്‍ സയിദ്‌ അഹമ്മദ്‌ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ്‌ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ജാര്‍ഖണ്ഡ് ബിജെപി മന്ത്രിസഭ ന്യൂനപക്ഷമായതോടെയാണ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ രാജിവച്ചത്. സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് അര്‍ജ്ജുന്‍ മുണ്ടെ ഗവര്‍ണര്‍ സയിദ് അലി നഖ്‌വിയോട് ആവശ്യപ്പെടുകയായിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) പിന്തുണ പിന്‍‌വലിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ താഴെവീണത്.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ബിജെപി- ജെഎംഎം ബന്ധം വഷളായത്. 28 മാസം വീതം മുഖ്യമന്ത്രി സ്ഥാനങ്ങള്‍ പങ്കിടാം എന്നായിരുന്നു ധാരണ എന്നാണ് ഷിബു സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎ പറയുന്നത്. എന്നാല്‍ ഇങ്ങനെ ഒരു ധാരണ ഇല്ലെന്ന് അര്‍ജ്ജുന്‍ മുണ്ടെ അവകാശപ്പെടുന്നു. ഇതോടെ അര്‍ജുന്‍ മുണ്ട സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ജെഎംഎം തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കുമെന്ന് ജെഎംഎം ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വഴങ്ങേണ്ട എന്ന തീരുമാനത്താലാണ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ അര്‍ജ്ജുന്‍ മുണ്ടെ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ പേരില്‍ നടക്കുന്ന കുതിരക്കച്ചവടങ്ങള്‍ ഒഴിവാക്കാനാണിത്.

82 അംഗ നിയമസഭയില്‍ ബിജെപിക്കും ജെഎംഎമ്മിനും 18 വീതം അംഗങ്ങളാണുള്ളത്. ഇതോടൊപ്പം ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനിലെ ആറ് അംഗങ്ങള്‍, രണ്ട് ജെഡി (യു) അംഗങ്ങള്‍, രണ്ടു സ്വതന്ത്രര്‍ എന്നിവരാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. ജാര്‍ഖണ്ഡില്‍ കൂടി അധികാരം നഷ്ടപ്പെട്ടാല്‍ ബിജെപിയ്ക്ക് അത് കനത്ത ക്ഷീണമായിരിക്കും ഉണ്ടാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :