ജല്ലിക്കെട്ടിന് താല്‍ക്കാലിക നിരോധനം

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വെള്ളി, 30 ജനുവരി 2009 (16:31 IST)
തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് എന്ന പേരില്‍ അറിയപ്പെടുന്ന കാളപ്പോരിന് സുപ്രീം കോടതി താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഫെബ്രുവരി 13 വരെ ജല്ലിക്കെട്ട് നടത്തുന്നത് വെള്ളിയാഴ്ച കോടതി നിരോധിച്ചു.

മൃഗക്ഷേമ ബോര്‍ഡ് നല്‍കിയ പരാതി പരിഗണിച്ചാണ് നിരോധനം. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് പി സതാ‍ശിവം എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹരിജിയില്‍ ഫെബ്രുവരി 13 ന് ആണ് അടുത്ത വാദം കേള്‍ക്കുന്നത്.

തമിഴ് പുതുവര്‍ഷമായ പൊങ്കലിനോട് അനുബന്ധിച്ചാണ് തമിഴ്നാട്ടില്‍ ജല്ലിക്കട്ട് ആവേശമാവുന്നത്. മൃഗക്ഷേമ ബോര്‍ഡ് നല്‍കിയ ഹര്‍ജി അനുസരിച്ച് ജനുവരി മാസത്തിക് മാത്രം ജല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 ആളുകള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു.

ജല്ലിക്കട്ടില്‍ കാളകളെ പിടിച്ചുകെട്ടുന്ന വീരന്മാര്‍ക്ക് സ്വര്‍ണ്ണനാണയം, അലമാര, കയറുകൊണ്ടുണ്ടാക്കിയ കട്ടില്‍, ആട്, സൈക്കിള്‍, നിലവിളക്ക് എന്നിവയൊക്കെയാണ് സമ്മാനങ്ങളായി ലഭിക്കുക. എങ്കിലും കാണികളുടെ പ്രശംസ തന്നെയാണ് ജല്ലിക്കട്ട് വീരന്മാര്‍ക്കുള്ള ഏറ്റവും വലിയ സമ്മാനം.

ജല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം മൃഗ സ്നേഹികളുടെ സംഘടനകള്‍ സുപ്രീം‌കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ജല്ലിക്കട്ട് നിരോധിക്കുകയുണ്ടായെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് നിരോധനം നീക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :