'ജയ് ശ്രീറാം’ വിളിച്ചില്ല; ടാക്സി ഡ്രൈവറെ മൂവർ സംഘം മർദ്ദിച്ചു

Last Modified വെള്ളി, 28 ജൂണ്‍ 2019 (15:44 IST)
ജയ് ശ്രീറാം വിളിക്കാത്തതിന് മുംബൈയില്‍ മുസ്ലിം ടാക്‌സി ഡ്രൈവര്‍ക്ക് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഫൈസല്‍ ഉസ്മാന്‍ ഖാന്‍(25) എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. താനെയിലെ ദിവാ ഏരിയയില്‍ വെച്ചായിരുന്നു സംഭവം.

മാനവ് കല്യാണ്‍ ആശുപത്രിയില്‍ നിന്നും മൂന്ന് പേരുമായി വണ്ടിയില്‍ പോവുകയായിരുന്നു. ഓട്ടത്തിനിടെ കാര്‍ കേടായി. തുടര്‍ന്ന് നിര്‍ത്തിയ ശേഷം പരിശോധിക്കുകയായിരുന്നു ഫൈസല്‍. അപ്പോള്‍ അവിടെയെത്തിയ മൂന്നംഗ സംഘം കാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനെ ചോദ്യം ചെയ്തു.

താന്‍ മുസ്ലിമാണെന്ന് മനസ്സിലാക്കിയ അവര്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദനം തുടങ്ങി. യാത്രക്കാരിലൊരാള്‍ പൊലീസിനെ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഫോണ്‍ വാങ്ങി എറിഞ്ഞു പൊട്ടിച്ചു.

അക്രമികള്‍ പോയ ശേഷമാണ് ഫൈസല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനും മോഷണത്തിനും അക്രമികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :