ചിരഞ്ജീവി കയര്‍ത്തു; അണികള്‍ ചെരുപ്പൂരി അടിച്ചു!

കര്‍ണൂല്| WEBDUNIA|
PRO
PRO
നേതാക്കള്‍ക്ക് ദൈവികപരിവേഷം ഉണ്ടായിരുന്ന കാലമൊക്കെ മാറി. നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ വലിയ വ്യത്യാസം ഇല്ലാതായി. പണി കൊടുത്താല്‍ നേതാവായാലും അണിയായാലും ഉടനെക്കിട്ടും മറുപണിയെന്ന് സാരം. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നല്ല ഇപ്പോഴത്തെ ലൈന്‍. മറുപണി ഉടനടിയാണ്. ആന്ധ്രയിലെ കര്‍ണൂലില്‍ ഉപതിരഞ്ഞെടുപ്പിന് പ്രചാരത്തിന് പോയ ചിരഞ്ജീവിക്ക് അണികള്‍ പണി കൊടുത്തു. കൂടെ ഉണ്ടായിരുന്ന ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാറിനും പണിയുടെ ഒരു ഭാഗം അനുഭവിക്കാനായി.

ആന്ധ്രയില്‍ 18 നിയമസഭാ സീറ്റുകളിലും ഒരു ലോക്‌സഭാ സീറ്റിലും ജൂണ്‍ 12-ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. എല്ലാ സീറ്റും തൂത്തുവാരാനായി കോണ്‍ഗ്രസ് ആഞ്ഞുപരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കളായ ചിരഞ്ജീവിയും കിരണ്‍കുമാറും കര്‍ണൂലില്‍ ജില്ലയിലെ എമ്മികല്ലൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താനായി എത്തിയത്.

ചിരഞ്ജീവി പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോള്‍ മൈക്ക് കേടായി. തങ്ങളുടെ സൂപ്പര്‍സ്റ്റാറും നേതാവുമായ ചിരഞ്ജീവിയുടെ സ്വരം കേള്‍ക്കാന്‍ കഴിയാത്തതിനാല്‍ അണികള്‍ ഓളിയിടാന്‍ തുടങ്ങി.ഇത് കണ്ടതും കോപാകുലനായ ചിരഞ്ജീവി ‘മിണ്ടരുത്.. ശബ്ദമുണ്ടാക്കിയാല്‍ ഞാന്‍ പൊയ്ക്കളയും’ എന്ന് ഭീഷണി മുഴക്കിയത്. തങ്ങള്‍ ദൈവമായി കരുതുന്ന താരത്തിന്റെ വായില്‍ നിന്ന് ശകാരവാക്കുകള്‍ വന്നതോടെ അണികള്‍ക്ക് പിടിച്ച് നില്‍‌ക്കാനായില്ല.

ആദ്യം ഒരു ചെരുപ്പാണ് അണികള്‍ക്ക് ഇടയില്‍ നിന്ന് ചിരഞ്ജീവിക്ക് നേരെ പാഞ്ഞത്. തുടര്‍ന്ന് ആബാലവൃദ്ധം ജനങ്ങളും കാലില്‍ കിടന്ന ചെരുപ്പെടുത്ത് ചിരഞ്ജീവിക്ക് നേരെ 'മിസൈല്‍' പ്രയോഗം തുടങ്ങി. സിനിമാ സ്റ്റൈലില്‍ ചെരുപ്പേറ്‌ തടുക്കാന്‍ ചിരഞ്ജീവി നോക്കിയെങ്കിലും ചെരുപ്പുകളുടെ ആധിക്യത്താല്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങി ഒളിയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി കിരണ്‍ കുമാറിനും കിട്ടി വേണ്ടതിലേറെ ചെരുപ്പേറ്‌. പ്രചാരണ പരിപാടിക്കെത്തിയവര്‍ തങ്ങളുടെ അണികളാണോ അതോ മറ്റ് പാര്‍ട്ടിക്കാരുടെ ആളുകളാണോ എന്ന് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ആന്ധ്രാ കോണ്‍ഗ്രസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :