ചിദംബരത്തെ പ്രതിയാക്കാനുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളി. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ഡോ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി പട്യാല ഹൗസിലെ സിബിഐ പ്രത്യേക കോടതിയാണ് തള്ളിയത്. ടുജി കേസിലെ വിചാരണാ നടപടികള്‍ ഫെബ്രുവരി 17-ന് തുടരുമെന്നും കോടതി അറിയിച്ചു.

ചിദംബരത്തെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രത്യേക ജഡ്ജി ഒ പി സെയ്നിയാണ് വിധി പ്രസ്താവിച്ചത്.

ചിദംബരത്തിന് മാത്രമല്ല, യു പി എ സര്‍ക്കാരിന് തന്നെ നിര്‍ണ്ണായകമായിരുന്നു ഇന്നത്തെ ദിനം. നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് കോടതി വിധി വന്നത്. രാവിലെ വിധി പ്രസ്താവിക്കും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഉച്ചയോടെ മാത്രമാണ് വിധി വന്നത്.

ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമിക്കും മൂന്ന് അഭിഭാഷകര്‍ക്കും മാത്രമാണ് കോടതിക്ക് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍, മറ്റ് അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടെ മറ്റാരേയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഒടുവില്‍ ഹര്‍ജി തള്ളിയതായി കോടതി അറിയിക്കുകയായിരുന്നു.

കനത്ത സുരക്ഷാസംവിധാനങ്ങളാണ് കോടതിക്ക് പുറത്ത് ഒരുക്കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :