ഗര്‍ഭിണിയായ ഭാര്യ ചികിത്സയ്ക്കിടെ മരിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ യുവാവ് വനിതാ ഡോക്ടറെ കൊലപ്പെടുത്തി. തൂത്തുക്കുടി കാമരാജര്‍ നഗര്‍ സ്വദേശി തിരുജ്ഞാനസംബന്ധത്തിന്‍െറ ഭാര്യയും ഇഎസ്ഐ ആശുപത്രിയിലെ സിവില്‍ സര്‍ജനുമായ ഡോ. സേതുരാമലക്ഷ്മിയാണ് (50) വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ വെട്ടേറ്റു മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
തൂത്തുക്കുടി ആവുടയാര്‍പുരം സ്വദേശി മഹേഷ് (27) എന്നയാളാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഡോക്ടറെ വെട്ടിക്കൊന്നത്. മഹേഷ് ഒളിവിലാണിപ്പോള്‍. മറ്റു മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
ഓട്ടോ ഡ്രൈവറായ മഹേഷിന്റെ ഭാര്യ നിത്യ(24) ആറുമാസം ഗര്‍ഭിണിയായിരുന്നു. ഡിസംബര്‍ 30-ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് നിത്യയെ സേതുരാമലക്ഷ്മിയുടെ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി വ്യക്തമായി. ഗുരുതരാവസ്ഥയിലായ നിത്യയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ നിത്യ മരിച്ചു. തന്റെ ഭാര്യയുടെയും കുഞ്ഞിന്‍െറയും മരണത്തിനു കാരണം സേതുരാമലക്ഷ്മിയാണെന്ന് ആരോപിച്ചാണ് മഹേഷ് സേതുരാമലക്ഷ്മിയെ കൊലപ്പെടുത്തിയത്.