സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാറ്റത്തിന്റെ സൂചനകള്‍. കേന്ദ്രമന്ത്രിമാരായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള മന്ത്രി വയലാര്‍ രവി ഉള്‍പ്പെടെ നാലു മന്ത്രിമാരാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയത്.
വയലാര്‍ രവിക്ക് പുറമെ ജയറാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ് എന്നിവരാണ് രാജിവയ്ക്കാന്‍ തയ്യാറായിരിക്കുന്നത്. രണ്ടാം യു പി എ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ മന്ത്രിസഭയിലും പാര്‍ട്ടിയിലും വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിയുകയാണ്.
സംഘടനാപരമായ ദൌര്‍ബല്യങ്ങളാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടുയുള്ളവയില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് കാരണം എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും പ്രതിരോധമന്ത്രിയുമായ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ അവസാനത്തോടെ സമിതി സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മെയ് 22-നാണ് ആണു പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുക. അതിന് ശേഷമായിരിക്കും അഴിച്ചുപണി. എന്നാല്‍ സര്‍ക്കാരിലോ പാര്‍ട്ടിയിലോ അഴിച്ചുപണിയുണ്ടാകും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് നിഷേധിച്ചു.