കോടതികളുടെ എണ്ണം കൂട്ടണം: ചീഫ് ജസ്റ്റിസ്

സിം‌ല| WEBDUNIA|
കേസുകളില്‍ വേഗം തീര്‍പ്പു കല്‍‌പിക്കാന്‍ രാജ്യത്തെ കോടതികളുടെ എണ്ണം 10-15 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് കെ‌ജി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ ഒരു ചടങ്ങില്‍ സംസാ‍രിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താകമാനമുള്ള ഏതാണ്ട് 15,000 കോടതികളില്‍ നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇത് ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ 7-8 ലക്ഷത്തോളം കേസുകളാണ് തീര്‍പ്പാവാതെ കിടക്കുന്നത്. പല സംസ്ഥാനങ്ങളിലും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുന്നതും പ്രശ്നത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജുഡീഷ്യല്‍ ശൃംഖല ശക്തിപ്പെടുത്തി സ്ഥിതി മെച്ചപ്പെടുത്താന്‍ പല സംസ്ഥാനങ്ങളും താല്‍‌പര്യം കാണിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗ്രാമ പ്രദേശങ്ങളിലെ കേസുകളില്‍ തീര്‍പ്പുകല്‍‌പിക്കാനായി 4,000 ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച ബില്‍ ഇതിനകം തന്നെ പാര്‍‌ലമെന്‍റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നിയമ നിര്‍മ്മാണം നടത്താനാകും.

ഉന്നത നിലവാരമുള്ള കോടതികള്‍ സ്ഥാപിക്കാന്‍ വന്‍‌ തുക ചെലവാക്കുന്ന ചൈനയുടെ മാതൃക ഇന്ത്യയും പിന്തുടരണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :