കേരളത്തില്‍ സോണിയാഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

കൊച്ചി| WEBDUNIA|
PRO
സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് തുടക്കമിടും.

കൊച്ചിയിലും കൊല്ലത്തും നടക്കുന്ന പരിപാടികളില്‍ സോണിയ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അതൃപ്തി സംബന്ധിച്ച് മുഖ്യമന്ത്രിയുമായും സംസ്ഥാന നേതാക്കളുമായും സോണിയയും ഹൈക്കമാന്റ് പ്രതിനിധികളും ആശയവിനിമയം നടത്തും.

കെപിസിസി പ്രസിഡന്റ് നിയമനത്തിലെ ഹൈക്കമാന്റ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കും. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനം വേണമെന്ന നിര്‍ദേശവും സോണിയ മുന്നോട്ടുവെയ്ക്കും. സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പ്രത്യേക കെപിസിസി കണ്‍വെന്‍ഷനും ഐഎന്‍ടിയുസി റാലിയും പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന് വി എം സുധീരന്‍ പറഞ്ഞു.

വി എം സുധീരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതു മുതല്‍ അദ്ദേഹത്തിന്റെ പൊതുപരിപാടികളില്‍ പങ്കെടുക്കാതെ നീരസം അറിയിച്ച മുഖ്യമന്ത്രിക്ക് കടുത്ത പ്രതിഷേധം ഉണ്ടെന്ന സൂചന ശക്തമാണ്. ആശയവിനിമയത്തില്‍ വിടവുണ്ടായതായി ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ എത്തിയ എഐസിസി സെക്രട്ടറി ദീപക് ബാബ്‌റി തന്നെ വ്യക്തമാക്കുകയും ചെയ്തു.

പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കൊപ്പം എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ക്കും നീരസമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തുന്നത്.

കൊച്ചി കണ്‍വെന്‍ഷനില്‍ ബൂത്ത്, വാര്‍ഡ് തലം മുതല്‍ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍ വരെ 20,000 പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് സോണിയ ഗാന്ധി നാവികസേനാ വിമാനത്താവളത്തില്‍ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തും. സീറ്റ് വിഭജനവും ചര്‍ച്ചയാകും. കൊല്ലത്ത് ഐഎന്‍ടിയുസി റാലിയിലും പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :