കൂട്ടമാനഭംഗം: രക്തം പുരണ്ട വസ്ത്രങ്ങള്‍ മുതല്‍ കരിയിലകള്‍ വരെ തെളിവുകളാകും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗകേസിലെ ഇന്ന് തുടങ്ങുന്നു. സാകേതിലെ അതിവേഗ കോടതിയിലാണ് വിചാരണ നടക്കുക. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെ മറ്റ് അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കുന്നുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകം, കൊലപാതകശ്രമം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, പിടിച്ചുപറിക്കായി പരുക്കേല്‍പ്പിക്കുക, തെളിവുനശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജസ്റ്റിസ് യോഗേഷ് ഖന്ന അധ്യക്ഷനായ ബഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുക. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആയിരത്തിലേറെ പേജുകള്‍ ഉള്ള കുറ്റപത്രം ജനുവരി മൂന്നിനാണ്‌ കോടതിയില്‍ സമര്‍പ്പിച്ചത്. ബസ് ഡ്രൈവര്‍ രാം സിംഗ്‌, സഹോദരന്‍ മുകേഷ്‌, കൂട്ടാളികളായ പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ, അക്ഷയ്‌ ഠാക്കൂര്‍ എന്നിവര്‍ക്കെതിരേയാണു കുറ്റപത്രം. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്ന പ്രതിയുടെ വയസ്സിന്റെ കാര്യത്തില്‍ ജുവലൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജനുവരി 28 ന് വിധിപറയും.

19നും 35 നും മധ്യേ പ്രായമുള്ളവരാണു പ്രതികള്‍ അഞ്ചു പേരും. കേസില്‍ പെണ്‍കുട്ടിയുടെ മരണമൊഴിയും ചികില്‍സിച്ച ഡോക്‌ടര്‍മാരുടെ മൊഴിയും നിര്‍ണായകമാകും. മാനഭംഗം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന 28കാരനായ ആണ്‍സുഹൃത്താണ്‌ പ്രധാനസാക്ഷി. പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക.

പെണ്‍കുട്ടിയുടെ ചോരക്കറ പുരണ്ട പ്രതികളുടെ വസ്ത്രങ്ങള്‍, ബസിലെ കര്‍ട്ടനുകളില്‍ നിന്നും സീറ്റില്‍ നിന്നും ശേഖരിച്ച ഡി എന്‍ എ സാമ്പിളുകള്‍ തുടങ്ങിയവ ശക്തമായ തെളിവുകളായി പ്രോസിക്യൂഷന്‍ നിരത്തും. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസില്‍ നിന്ന് എറിഞ്ഞപ്പോള്‍ അവര്‍ ചെന്നുവീണ സ്ഥലത്തെ രക്തം പുരണ്ട കരിയിലകള്‍ വരെ കേസില്‍ തെളിവുകളാകും.

ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കൂട്ടമാനഭംഗത്തിന് ഇരായായ 23കാരിയായ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :