കാശ് മുടക്കി കാര്‍ വാങ്ങി കത്തിയ്ക്കും-എംഎന്‍എസ് മോഡല്‍ പ്രതിഷേധം!
മുംബൈ|
WEBDUNIA|
PTI
PTI
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ കാര്‍ എന്‍സിപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തെ തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. എന്‍സിപി നേതാവ് അജിത് പവാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ് താക്കറെയുടെ കാറിന് നേരെ കല്ലേറുണ്ടായി. ഇതിന് കനത്ത തിരിച്ചടി നല്‍കും എന്ന് പറഞ്ഞ എംഎന്‍എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കത്തിയ്ക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അതില്‍ ഒരു കാര്‍ കത്തിയെരിയുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഈ കാര്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ കാശുമുടക്കി വാങ്ങി കത്തിച്ചതാണ് എന്നാണ് ഇപ്പോള്‍ പുറത്തിവരുന്ന വിവരം.
അക്രമത്തിന്റെ പേരില്‍ അറസ്റ്റിലായ എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെ മുംബൈ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങളുടെ നേതാവിനെ പ്രീതിപ്പെടുത്താന്‍ ഇവര്‍ കാര്‍ വിലയ്ക്കുവാങ്ങുകയായിരുന്നു. 35,000 രൂപയ്ക്ക് ഒരു സെക്കന്റ് ഹാന്‍ഡ് മാരുത് 800 കാര്‍ ഇവര്‍ വാങ്ങി. തുടര്‍ന്ന് കുര്‍ളയിലെ തിരക്കേറിയ എല്‍ബിഎസ് മാര്‍ഗില്‍ ഇതിന് തീവച്ചു. കാര്‍ കത്തുന്നത് ഭീതിയോടെയാണ് ആളുകള്‍ കണ്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പല രാഷ്ട്രീയ യോഗങ്ങളിലും രാജ് താക്കറെ എന്‍സിപി നേതാക്കളായ ശരദ് പവാറിനെയും അജിത് പവാറിനെയും രൂക്ഷമായ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് എന്‍സിപി പ്രവര്‍ത്തകര്‍ രാജ് താക്കറെയുടെ വാഹനം തടയുകയും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറ് നടത്തുകയും ചെയ്തത്.