കാശിനു വോട്ട്, കഴിഞ്ഞത് കഴിഞ്ഞു എന്ന് പ്രണാബ്!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഒന്നാം യുപി‌എ സര്‍ക്കാര്‍ കാശ് നല്‍കി വിശ്വാസവോട്ട് നേടിയെന്നെ വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് സതംഭിപ്പിച്ചിട്ടും കോണ്‍ഗ്രസിന് കുലുക്കമില്ല. ഇക്കാര്യം നടന്നുവെന്ന് ആരോപിക്കുന്നത് പതിനാലാം ലോക്സഭയുടെ കാലത്താണെന്നും ഇത് പതിനഞ്ചാം ലോക്സഭയാണെന്നും പ്രണാബ് മുഖര്‍ജി പ്രതിപക്ഷ ആരോപണത്തോട് പ്രതികരിച്ചു.

എല്ലാ നടപടികളും നിര്‍ത്തിവച്ച് ഇരുസഭകളും വിക്കിലീക്സ് വെളിപ്പെടുത്തലുകളെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ഇരു സഭകളും 12 മണി വരെ നിര്‍ത്തിവച്ചിരുന്നു. 12 മണിക്ക് വീണ്ടും സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് പ്രണാബ് കോണ്‍ഗ്രസിന്റെ അഭിപ്രായവുമായി പ്രതിപക്ഷത്തെ നേരിട്ടത്. യുപി‌എ സര്‍ക്കാര്‍ കാശ് നല്‍കി വിശ്വാസവോട്ട് വാങ്ങി എന്ന ആരോപണം കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍, അത് ജനം തള്ളിക്കളയുകയായിരുന്നു.

2009 - ല്‍ പതിനാലാം ലോക്സഭ അവസാനിച്ചു. ഇത് പതിനഞ്ചാം ലോക്സഭയാണ്. കഴിഞ്ഞ ലോക്സഭയുടെ കാര്യം ഇപ്പോള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും അന്വേഷണം ആവശ്യപ്പെടാനും പ്രതിപക്ഷത്തിന് കഴിയില്ല എന്നും പ്രണാബ് പറഞ്ഞു.

എന്നാല്‍, ഇന്ത്യയില്‍ നടന്ന ഒരു അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്‌റ്റ്ലി പറഞ്ഞു. കോഴയിടപാടില്‍ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

കാശ് നല്‍കി വോട്ട് വാങ്ങിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയെ കുറിച്ചും സമിതി റിപ്പോര്‍ട്ടിനെ കുറിച്ചും സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സിപി‌എം നേതാവ് സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :