കസബ്: അഞ്ജലി വാഗ്‌മറെ പിന്‍‌മാറി

മുംബൈ| PRATHAPA CHANDRAN|
മുംബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായ അജ്മല്‍ അമിര്‍ കസബിനു വേണ്ടി പ്രത്യേക കോടതി തിങ്കളാഴ്ച നിയമിച്ച അഭിഭാഷക അഞ്ജലി വാഗ്‌മറെ കേസില്‍ നിന്ന് പിന്‍‌മാറി. പൊതുജന വികാരം കണക്കിലെടുത്താണ് കേസില്‍ നിന്ന് പിന്‍‌മാറുന്നതെന്ന് അഞ്ജലി അറിയിച്ചതായാണ് സൂചന‍.

വാഗ്‌മറെയെ കസബിന്‍റെ അഭിഭാഷകയായി നിയമിച്ച റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നൂറോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ അവരുടെ മുബൈയിലെ വര്‍‌ലി ക്യാമ്പ് പ്രദേശത്തുള്ള വീടിനു നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. വീടിനു നേരെ കല്ലേറ് നടന്നു എങ്കിലും അഭിഭാഷകയ്ക്ക് പരുക്കൊന്നുമില്ല.

വാഗ്‌മറെയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജ് വേണ്ടി വന്നു എന്ന് ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ കെ എല്‍ പ്രസാദ് വ്യക്തമാക്കി.

പാകിസ്ഥാനില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് തനിക്ക് അഭിഭാഷക സഹായം വേണമെന്ന് കസബ് മാര്‍ച്ച് 23 ന് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് കോടതി 17 അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കി. അതില്‍ നിന്നാണ് വാഗ്‌മറെയെ തെരഞ്ഞെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :