കസബിന്‍റെ വിചാരണ ആറിന് തുടങ്ങും

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (12:49 IST)
നവംബറിലെ മുംബൈ ഭീകരാക്രമണത്തിനിടെ പിടികൂടിയ പാക് തീവ്രവാദി അജ്മല്‍ അമീര്‍ കസബിന്‍റെ വിചാരണ അടുത്ത മാ‍സം ആറിന് ആരംഭിക്കും. ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക സുരക്ഷയുള്ള ജയിലിലായിരിക്കും വിചാരണ.

വിചാരണവേളയില്‍ കസബിനു വേണ്ടി മഹാരാഷ്ട്ര സര്‍വീസ് ലീഗല്‍ അതോറിറ്റി അഭിഭാഷകയായ അഞ്ജലി വാഗ്‌മറെ ഹാജരാവുമെന്ന് പ്രത്യേക കോടതി ജഡ്ജി എം എം തഹിലിയാനി അറിയിച്ചു.

വാഗ്‌മറെയെ അഭിഭാഷകയായി നിയമിച്ച കാര്യം കസബിനെ അറിയിച്ചിട്ടുണ്ടെന്നും തഹിലിയാനി പറഞ്ഞു. വാഗ്‌മറെയെ സഹായിക്കാനായി ഒരു അഭിഭാഷകനെ കൂടി നിയമിക്കും. സുരക്ഷാ കാരണങ്ങളാല്‍ കസബിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

വീഡിയൊ കോണ്‍ഫറന്‍സിംഗിലൂടെയാണ് കസബിനെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചതെന്നും തഹിലിയാനി പറഞ്ഞു. കേസിനെക്കുറിച്ചും വിചാരണയെക്കുറിച്ചും വാഗ്‌മറെ കസബിന് വിശദീകരിച്ചു കൊടുക്കും. പൊലീസിന്‍റെ കുറ്റപത്രം വായിക്കുന്നതിനും അഭിഭാഷക കസബിനെ സഹായിക്കും.

വാഗ്‌മറെയെ അഭിഭാഷകയായി നിയമിച്ചതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്ന് വീഡിയൊ കോണ്‍ഫറന്‍സിംഗില്‍ കസബ് വ്യക്തമാക്കി. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് വായിക്കാന്‍ പത്രങ്ങള്‍ വേണമെന്നായിരുന്നു കസബിന്‍റെ ആവശ്യം. ഇക്കാര്യം വിചാരണ വേളയില്‍ പരിഗണിക്കാമെന്ന് കോടതി ഉറപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :