കസബിന്‍റെ ജീവന്‍ അപകടത്തിലെന്ന് റിപ്പോര്‍ട്ട്

മുംബൈ| PRATHAPA CHANDRAN| Last Modified ശനി, 17 ജനുവരി 2009 (16:59 IST)
മുംബൈ ഭീകരക്രമണത്തില്‍ ജീവനോടെ പിടികൂടിയ പാകിസ്ഥാന്‍ തീവ്രവാദി അജ്മല്‍ അമീര്‍ കസബ് ആര്‍തര്‍ റോഡ് ജയിലില്‍ വച്ച് കൊല്ലപ്പെട്ടേക്കുമെന്ന് മുംബൈ ക്രൈം ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കി. ജയിലില്‍ കസബിന്‍റെ ജീവന്‍ ഭീഷണിയിലാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

കസബിനെ ആര്‍തര്‍ റോഡിലെ ജയിലേയ്ക്ക് മാറ്റിയത് മുതല്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്. അന്വേഷണ സംഘങ്ങള്‍ക്ക് സുപ്രധാന തെളിവുകള്‍ ലഭിക്കാനുള്ള ഏക വഴിയാണ് കസബ്. പ്രശ്നത്തിന് അന്തര്‍ദേശീയ മാനം കൈവന്ന സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

ജീവന് ഭീഷണിയുള്ളതിനാല്‍ കസബിനെ ഇതുവരെ പുറത്തെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. കേസ് പരിഗണിക്കാന്‍ ജയിലിനകത്ത് പ്രത്യേക കോടതി സ്ഥാപിച്ചിട്ടുണ്ട്. ജഡ്ജി ജയിലിലെത്തിയാണ് കസബിന്‍റെ ഇതുവരെയുള്ള കേസുകള്‍ പരിഗണിച്ചത്.

ഗുരുതരമായ കുറ്റം ചെയ്തവരെ പാര്‍പ്പിക്കുന്ന ഓവല്‍ ആകൃതിയിലുള്ള സെല്ലിലാണ് ജയില്‍ സൂപ്രണ്ട് സ്വാതി ഗുപ്ത പറഞ്ഞു. സെല്ലിനകത്തുള്ളവരുടെ എല്ലാ നീക്കങ്ങളും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ വഴി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പല സുപ്രധാന കുറ്റവാളികളേയും പാര്‍പ്പിക്കുന്നത് ആര്‍തര്‍ റോഡ് ജയിലിലാണ്. ദാവൂദിന്‍റേയും ഛോട്ടാ രാജന്‍റേയും സംഘത്തിലുള്ളവര്‍ ജയിലുണ്ട്. അതുകൊണ്ട് തന്നെ ജയിലില്‍ സംഘര്‍ഷവും പതിവാണ്. ഈ സാഹചര്യത്തിലാണ് കസബ് കൊല്ലപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ക്രൈം ബ്രാഞ്ച് സൂചന നല്‍കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :