വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കരുണാനിധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് എം കെ സ്റ്റാലിന്‍. കരുണാനിധിയുടെ മകനും ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ തിരശ്ശീല വീണിരിക്കുകയാണ്.
ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം താന്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തം മാത്രമേ വഹിക്കുകയുള്ളൂ എന്ന് കരുണാനിധി സൂചിപ്പിച്ചിരുന്നു. കരുണാനിധിക്ക് ശേഷം സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍, താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ല എന്ന ശക്തമായ സൂചനയാണ് സ്റ്റാലിന്‍ ഇപ്പോള്‍ നല്‍കുന്നത്.
ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും കരുണാനിധി തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുക എന്നും കഴിഞ്ഞ ദിവസം രാത്രി നടന്ന പാര്‍ട്ടി റാലിയില്‍ വച്ചാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. ഡിഎംകെ സര്‍ക്കാര്‍ ഒരു കിലോഗ്രാം അരിക്ക് ഒരു രൂപ നിരക്കില്‍ നല്‍കുന്ന പദ്ധതിയെ വാനോളം പുകഴ്ത്തിയ സ്റ്റാലിന്‍ എഐഡിഎംകെയ്ക്ക് അമ്പത് പൈസ നിരക്കില്‍ അരിനല്‍കാന്‍ സാധിക്കുമോ എന്ന വെല്ലുവിളിയും നടത്തി.
ഡിഎംഡികെ നേതാവ് വിജയകാന്ത് ഡിഎംകെയ്ക്ക് എതിരെ നടത്തുന്ന പ്രചരണങ്ങളെയും സ്റ്റാലിന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടികള്‍ തട്ടിക്കൂട്ടുന്നവര്‍ രാഷ്ട്രീയ അഗതികളായി മാറുമെന്നും സ്റ്റാലിന്‍ പറഞ്ഞു. എഐഡിഎംകെ, ഡിഎംഡികെ, സിപിഐ, സിപിഎം, പിഎംകെ എന്നീ പാര്‍ട്ടികളുടെ സഖ്യം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് തിരിച്ചടിയാവുമെന്ന സൂചന ശക്തമായ സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.