യുപിഎ-ഇടത് ആണവസമിതി യോഗം നടക്കുന്നതിനു മുമ്പ് ആണവകരാര്‍ വിഷയത്തില്‍ ‘ദേശീയ തലത്തില്‍ വിശാലമായ അഭിപ്രായ ഐക്യ‘മുണ്ടാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.
ആണവോര്‍ജ്ജ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നയം മൂലം ആണവ വ്യാപാര രംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’ ഇന്തോ-യുഎസ് ആണവകരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വൈകാതെ പരിഹരിക്കുവാന്‍ കഴിയുമെന്നും മറ്റു പല രാഷ്‌ട്രങ്ങളുമായും ആണവകരാറില്‍ ഏര്‍പ്പെടുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്‌ട്ര രംഗത്തെ ബന്ധങ്ങളില്‍ നാടകീയമായ മാറ്റങ്ങള്‍ക്കു വേദിയായിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോകശക്തികളുമായി ബന്ധം സ്ഥാപിക്കുവാന്‍ ഇന്ത്യയ്‌ക്ക് അവസരം ലഭിച്ചിരിക്കുന്നത്‘, മുഖര്‍ജി പറഞ്ഞു.
കരാര്‍ നടപ്പിലാക്കുവാന്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത് ഇന്ത്യയിലെ ആഭ്യന്തര രാഷ്‌ട്രീയത്തിലെ പ്രശ്‌നങ്ങളാണെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ നെഗ്രോപോണ്ട അഭിപ്രായപ്രകടനം നടത്തിയതിനു പിന്നാലെയാണ് അഭിപ്രായ ഐക്യം ഉണ്ടാക്കുമെന്ന് മുഖര്‍ജി പറഞ്ഞത് ശ്രദ്ധേയമാണ്. അതേസമയം, കരാര്‍ നടപ്പിലാക്കുവാന്‍ ഇന്ത്യയിലെ ആഭ്യന്തര രാഷ്‌ട്രീയവും കണക്കിലെടുക്കേണ്ടതുണ്ടെന്നും നെഗ്രോപോണ്ട പറഞ്ഞു.