പ്രധാനമന്ത്രി മന്മോഹന് സിംഗ് പാകിസ്ഥാന് സൈനിക മേധാവി അഷ്ഫാഖ് കയാനിയുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഹരീഷ് ഖാരെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് സൈനിക മേധാവിയും തമ്മില്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു എന്ന് ടൈംസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് മാസം മുമ്പ് ആരംഭിച്ച രഹസ്യ ചര്‍ച്ചകളുടെ ഫലമാണ് മൊഹാലിയില്‍ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ ഒന്നിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
കയാനിയുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും ഇവര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് മൊഹാലിയില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് സെമി ഫൈനല്‍ കാണുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് പ്രധാനമന്ത്രിയും എത്തിയത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.