കനിഷ്ക ആക്രമണം കൊടും ക്രൂരത: സിംഗ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (15:25 IST)
PRO
ഏറ്റവും പൈശാചികമായ ഭീകരാക്രമണമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കനിഷ്ക വിമാനത്തിനു നേര്‍ക്ക് നടന്ന ബോംബാക്രമണം എന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. കനിഷ്ക ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോക മന:സാക്ഷിയെ ഞെട്ടിച്ച ആക്രമണമാണ് കനിഷ്കയ്ക്ക് നേരെ നടന്നത്. വിമാന ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരം ആക്രമണങ്ങളെ അല്ലെങ്കില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളെ മതമോ വിശ്വാസമോ ലക്‍ഷ്യമോ സാധൂകരിക്കില്ല. സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ ഭീകരതയെ ഇല്ലാതാക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

1985 ജൂണ്‍ 23 ന് കാനഡയിലെ മോണ്ട്രിയലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ഐറിഷ് തീരത്തിനടുത്ത് വച്ച് സ്ഫോടനത്തില്‍ തകരുകയായിരുന്നു. വിമാനത്തില്‍ സഞ്ചരിച്ചിരുന്ന 329 പേര്‍ അപകടത്തില്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു.

ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെതിരെ ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ആക്രമണം നടത്തുമെന്ന സൂചനകള്‍ നിലനില്‍ക്കെയായിരുന്നു കനിഷ്ക ദുരന്തമുണ്ടായത്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തല്‍‌വീന്ദര്‍ സിംഗ് പാര്‍മര്‍ കാനഡയില്‍ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെങ്കിലും സംസ്ഥാന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :