കനിമൊഴിയുടെ ജാമ്യം: വിധി നവംബര്‍ മൂന്നിന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
2ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ ഡി എം കെ എം‌പി കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് നവംബര്‍ മൂന്നിന്. തിങ്കളാഴ്ച പരിഗണിച്ച സി ബി ഐ പ്രത്യേക കോടതി വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. മകളുടെ ജാമ്യഹര്‍ജിയിലെ വിധിയെന്താണെന്ന് അറിയാനായി പിതാവ് കരുണാനിധി ഡല്‍ഹിയിലാണുള്ളത്. കനിയുടെ ഭര്‍ത്താവും മകനും ഇന്ന് കോടതിയില്‍ എത്തിയിരുന്നു. 43-കാരിയായ കനി കഴിഞ്ഞ മെയ് 20-നാണ് അറസ്റ്റിലായത്. അഞ്ച് മാസമായി ഇവര്‍ തിഹാര്‍ ജയിലിലാണ്.

കനിമൊഴിയ്ക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി ബി ഐ കോടതിയില്‍ അറിയിച്ചു. കനിമൊഴിയ്ക്ക് പുറമെ കലൈഞ്ജര്‍ ടി വി എംഡി ശരത്കുമാര്‍, ഷാഹിദ് ബല്‍വയുടെ ബന്ധുവും കുസേഗാവ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സിന്റെ ഡയറക്ടറുമായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരീം മൊറാനി എന്നിവര്‍ക്കും ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി ബി ഐ പറഞ്ഞു. സി ബി ഐ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലെ പ്രതികളാണ് ഇവരെല്ലാവരും.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വിശേഷിക്കപ്പെടുന്ന 2ജി സ്‌പെക്ട്രം കേസിലെ 17 പ്രതികള്‍ക്കുമെതിരെ ശനിയാഴ്ചയാണ് കോടതി കുറ്റം ചുമത്തിയത്. കേസില്‍ ഒന്നാം പ്രതിയായ മുന്‍ ടെലികോം മന്ത്രി എ രാജയ്‌ക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഐ പി സി 409 (വിശ്വാസവഞ്ചന) പ്രകാരം കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിച്ചേക്കാം. കനിമൊഴിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റം ചുമത്തിയത്. 14 വ്യക്തികളും മൂന്ന് കമ്പനികളുമാണ് കേസില്‍ പ്രതികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :