റെയില്‍വെ അധികൃതര്‍ നടത്തിയ ഒറ്റദിവസത്തെ മിന്നല്‍പരിശോധനയില്‍ ടിക്കറ്റില്ലാത്ത 1200ലധികം യാത്രക്കാര്‍ പിടിയിലായി. ചെന്നൈയിലെ പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ സ്‌പെഷല്‍സ്‌ക്വാഡ് ഇന്നലെ നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത 1215 യാത്രക്കാരെയാണ് പിടികൂടിയത്.
ചെന്നൈ സെന്‍ട്രല്‍, എഗ്‌മോര്‍, പെരമ്പൂര്‍, താംബരം, തിരുവള്ളൂര്‍ തുടങ്ങിയ പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ റെയില്‍വെയിലെ 200 ഓളം സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ചെന്നൈയിലേക്ക് പ്രതിദിനം 30 ലക്ഷം ട്രെയിന്‍ യാത്രക്കാര്‍ വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 15 ലക്ഷത്തോളം പേര്‍ സബര്‍ബര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരാണ്. എറ്റവും കൂടുതല്‍ പേര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് സബര്‍ബന്‍ ട്രെയിനുകളിലാണെന്നാണ് സ്ക്വാഡ് പറയുന്നത്.
താംബരം-ബീച്ച് റൂട്ടില്‍ 160ഉം സെന്‍ട്രല്‍ മൂര്‍മാക്കറ്റ്-തിരുവള്ളൂര്‍ റൂട്ടില്‍ 164ഉം സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബീച്ച്-വേളാച്ചേരി റൂട്ടില്‍ 160 സബര്‍ബന്‍ ട്രെയിനുകളുണ്ട്. ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് കണ്ടാണ് പരിശോധന നടപടി.