എസ് ബാന്‍ഡ്: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും നിലവിലെ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. എസ് ബാന്‍ഡ് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഐ എസ് ആര്‍ ഒ പുറത്തുവിട്ടേക്കും. ഇതിന് അനുമതി തേടിയിട്ടുണ്ടെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാ‍ക്കിയത്.

ആന്‍‌ഡ്രിക്സ്- ദേവാസ് ഇടപാടിന്റെ വിവരങ്ങളും പുറത്തുവിടും. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മാധവന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു.

എസ് ബാന്‍ഡ് സ്‌പെക്ട്രം അഴിമതി ആരോപണത്തെത്തുടര്‍ന്ന് മാധവന്‍ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞരെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. ഐ എസ് ആര്‍ ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കമ്പനിക്ക് എസ് ബാന്റ് സ്പെക്ട്രം കരാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. ഐ എസ് ആര്‍ ഒയിലെ മുന്‍ സെക്രട്ടറി എ ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ ആര്‍ സിദ്ധമൂര്‍ത്തി, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവരാണ് വിലക്ക് നേരിടുന്ന മറ്റ് ശാസ്ത്രജ്ഞര്‍.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ട് ഉന്നതാധികാര സമിതിയെ നിയമിച്ചിരുന്നു. സമിതികള്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :