പഞ്ചാബ് അഡ്വക്കേറ്റ് ജനറലിന്‍റെ ഭാര്യാമാതാവിനെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. അഡ്വക്കേറ്റ് ജനറല്‍ രൂപീന്ദര്‍ ഖോസ്‌ലയുടെ അമ്മായിയമ്മയ്ക്കാണ് ഈ ദുരന്താന്ത്യം ഉണ്ടായത്. ചണ്ഡീഗഡിലെ പോഷ് ഏരിയ ആയ സെക്‌ടര്‍ 21-ല്‍ ഉണ്ടായ ഈ കൊലപാതകം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ജനറലിന്‍റെ ഭാര്യാമാതാവ് അജീന്ദര്‍ കൌര്‍ മന്‍ കൊല്ലപ്പെട്ടിട്ട് രണ്ട് ദിവസമെങ്കിലും ആയിക്കാണും എന്നാണ് പൊലീസ് പറഞ്ഞത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തപ്പെട്ടത്.
കൊലയ്ക്ക് മുമ്പ് കൌറിനെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൌറിന്‍റെ വസ്ത്രമെല്ലാം വലിച്ച് കീറിയ നിലയിലാണ് കാണപ്പെട്ടത്. സെക്‌ടര്‍ 21-ല്‍ ഒറ്റയ്ക്കാണ് കൌര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ബന്ധുക്കള്‍ കൌറിനെ ടെലഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കാരണം അന്വേഷിച്ച് കൌറിന്‍റെ വീട്ടില്‍ എത്തിയപ്പോഴാണ് ദുരന്തദൃശ്യം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചണ്ഡീഗഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കുറ്റകൃത്യമാണ് കൌറിന്‍റെ കൊലപാതകം. ഇക്കഴിഞ്ഞ ബുധനാഴ്ച അഞ്ചുവയസുകാരനായ ഖുഷ്‌പ്രീത് സിംഗിന്‍റെ മൃതദേഹം മൊഹാലിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ ശരീരവും അഴുകിയ നിലയില്‍ ആയിരുന്നു. ഡിസംബര്‍ 21-ന് വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോകപ്പെട്ട ഖുഷ്‌പ്രീത് സിംഗിന്‍റെ ഘാതകനെയും പിടിക്കാന്‍ പൊലീസിനായിട്ടില്ല. പഞ്ചാബിന്‍റെ തലസ്ഥാനമായിട്ടും, ജീവന് ഒരുതരത്തിലുള്ള സുരക്ഷയും ചണ്ഡീഗഡില്‍ ഇല്ലെന്ന് ചാണ്ഡീഗഡ് നിവാസികള്‍ ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥനായ അഡ്വക്കേറ്റ് ജനറലിന്‍റെ ബന്ധുവിന് ഈ ഗതിയാണെങ്കില്‍ സാധാരണക്കാരുടെ നില എന്താണെന്ന് ഇവര്‍ ചോദിക്കുന്നു.