എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണം: മഹാജന്‍

മുംബൈ| WEBDUNIA|
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് പാര്‍ട്ടി മുന്‍ നേതാവ് രത്നാകര്‍ മഹാജന്‍. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനോട് അടുത്ത വൃന്ദങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. പതിനൊന്ന് വര്‍ഷം പ്രായമുള്ള പാര്‍ട്ടിയുടെ, മുതിര്‍ന്ന നേതാവും സ്ഥാപക അംഗവുമായ രത്നാകര്‍ മഹാജന്‍ ശരത് പവാറിന് അയച്ച കത്തിലാണ് ഇക്കാര്യം ഉള്ളത്. എന്‍ സി പി കോണ്‍ഗ്രസുമായി ലയിക്കുമെന്ന് കത്തില്‍ മഹാജന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

വര്‍ഗീയ ശക്തികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടത് ആവശ്യമാണെന്ന് നിരവധി സന്ദര്‍ഭങ്ങളില്‍ പവാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ മഹാജന്‍ പറയുന്നു. അതുകൊണ്ട് തന്നെ വേറിട്ടൊരു പാര്‍ട്ടിയായി നിലനില്ക്കുന്നതിന് പ്രത്യേക കാരണമൊന്നുമില്ലെന്നും മഹാരാഷ്ട്ര സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്‍റെ മുന്‍ ചെയര്‍മാന്‍ കൂടിയായ മഹാജന്‍ പറയുന്നു.

രാജ്യത്തിന്‍റെ നന്മയ്ക്കു വേണ്ടി കോണ്‍ഗ്രസുമായി ലയിക്കുന്ന കാര്യം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ഒരു തീരുമാനമെടുക്കുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചുമുള്ള മോശം ഇമേജ് മാറ്റിയെടുക്കണമെന്ന ഉദ്ദേശ്യത്തിലാണ് 1999 ജൂണ്‍ പത്തിന് എന്‍ സി പി രൂപപ്പെട്ടത്. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷവും ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റപ്പെട്ടെന്ന് കരുതാ‍നാവില്ല. 1999, 2004, 2009 തെരഞ്ഞെടുപ്പുകളില്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ വിശാല താല്‍‌പര്യങ്ങള്‍ നടപ്പിലാക്കാന്‍ അവ പര്യാപ്തമായിരുന്നില്ലെന്നും കത്തില്‍ മഹാജന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :