ന്യൂഡൽഹി|
rahul balan|
Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (17:26 IST)
രോഹിത് വെമുലയുടെ സഹോദരൻ രാജയ്ക്ക് അരവിന്ദ് കെജ്രിവാള് വാഗ്ദാനം ചെയ്ത ക്ലര്‍ക്ക് ജോലി വിവാദമാകുന്നു. അപ്ലൈഡ് ജിയോളജിയിൽ എം എസ് സിക്കാരനായ രാജ ദേശീയ അധ്യാപക യോഗ്യത പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്ലർക്ക് ജോലി നൽകിയത് അപമാനിക്കലാണെന്ന് ഹൈദരാബാദ് സർവകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആരോപിച്ചു.
ഫെബ്രുവരി 24 ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല
കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കെജ്രിവാൾ രാജക്ക് ഡൽഹി സർക്കാറിൽ ജോലി വാഗ്ദാനം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് ആം ആദ്മി സർക്കാർ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഡൽഹി സർക്കാറിൽ ലോവർ ഡിവിഷൻ ക്ലർക്കിന്റെ ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മാനുഷിക പരിഗണന പരിഗണിച്ചുള്ള നിയമനങ്ങൾക്ക് ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകൾ മാത്രമേ നല്‍കാനാകൂ എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാല്‍ രാജ ഇതുവരെ ജോലി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം, ജോലിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് രാജ പറഞ്ഞു. ‘ഒരു വിദേശ സർവകലാശാലയിൽ ഞാൻ ഗവേഷണം നടത്തുന്നത് കാണാനാണ് ആഗ്രഹമെന്ന് രോഹിത് ജീവിച്ചിരുന്നപ്പോൾ എന്നോട് പറയുമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഇപ്പോൾ എന്റെ ശ്രമം. എന്നെക്കുറിച്ച് രോഹിത് അഭിമാനിക്കണം’ – രാജ പറഞ്ഞു.