സംസ്ഥാനത്തെ ഊര്‍ജ്ജോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയാവും മുഖ്യമന്ത്രിയായ ശേഷം തന്‍റെ പ്രഥമ ലക്‍ഷ്യമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി പദത്തിന് അവകാശം ഉന്നയിച്ച ബി.ജെ.പി നേതാവ് യദ്യൂരപ്പ പറഞ്ഞു.
ഇതിനൊപ്പം സംസ്ഥാനത്തെ നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കുക എന്നതും തന്‍റെ ലക്‍ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ ഊര്‍ജ്ജോല്‍പ്പാദനം 5,000 മെഗാവാട്ട് വൈദ്യുതിയാണ്. ഇത് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനാണ് യദ്യൂരപ്പ ലക്‍ഷ്യമിടുന്നത്. ഊര്‍ജ്ജ വിതരണ രംഗത്തെ ലഭ്യത ഉറപ്പുവരുത്താനാണിത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ണ്ണാടകയെ മൊത്തത്തില്‍ മാറ്റിയെടുക്കും. ഈ മാറ്റത്തിന് ജനം സ്വയം സാക്ഷിയാവും എന്നും അദ്ദേഹം പറഞ്ഞു.
ജലസേചന സൌകര്യം വര്‍ദ്ധിപ്പിക്കും. നിലവിലെ പണി തുടങ്ങിയ ജലസേചന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി കൂടുതല്‍ സ്ഥലങ്ങളില്‍ ജലസേചനം നടത്തും.
ജനതാദള്‍-ബി.ജെ.പി മന്ത്രിസഭയില്‍ രണ്ട് പ്രാവശ്യം ധനകാര്യ മന്ത്രിയായിരിക്കെ 2006 ലും 2007 ലും ഏവരെയും പ്രീതിപ്പെടുത്തുന്ന ബജറ്റ് അവതരിപ്പിച്ച് ശ്രദ്ധേയനായിട്ടുള്ളയാളാണ് യദ്യൂരപ്പ.
എല്ലാവിഭാഗം ജനങ്ങള്‍ക്കും, പ്രത്യേകിച്ച് എസ്.സി., എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ, ഉപയോഗപ്രദമായ വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാവുന്നത് എന്നാണ് സൂചന. 66 കാരനായ കര്‍ഷക നേതാവു കൂടിയാണ് യദ്യൂരപ്പ.
യദ്യൂരപ്പ നേരത്തെ മന്ത്രിയായിരിക്കെ അവതരിപ്പിച്ച ഭാഗ്യലക്ഷ്മി ബാരമ്മ, സന്ധ്യാ സുരക്ഷ എന്നീ പദ്ധതികള്‍ ജനം പൂര്‍ണ്ണമായും സ്വീകരിച്ച പദ്ധതികളായിരുന്നു. ഇതും യദ്യൂരപ്പയുടെ വിജയത്തിനു പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപകര്‍ക്ക് അനുകൂലമാം വിധം ഏകജാലക സംവിധാനം ഫലപ്രദമായി നടപ്പാക്കാനും യദ്യൂരപ്പ തയ്യാറെടുക്കുകയാണ്.