ഇവിടെ ഇങ്ങനെയും ഒരു പുലി!

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 25 ഏപ്രില്‍ 2009 (11:08 IST)
മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് ശ്രീലങ്കയിലെ പുലികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ചോര ചിന്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ പെണ്‍പുലിയുടെ നേട്ടം മാധ്യമങ്ങളില്‍ കണ്ടെന്ന് വരില്ല. കാരണം ഈ പെണ്‍പുലി വാര്‍ത്തകളില്‍ ഇടം‌പിടിച്ചത് ചാവേറായതുകൊണ്ടല്ല.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിക്കൊണ്ടാണ്. അതിനുമാത്രം എന്ത് അര്‍ഹതയാണ് ഈ പെണ്‍പുലിക്കുള്ളതെന്ന് ചോദിച്ചാല്‍, ഒമ്പത് കുട്ടികള്‍ക്ക് ജന്‍‌മം നല്‍കി. ലക്ഷക്കണക്കിനാളുകള്‍ക്ക് ദര്‍ശനം നല്‍കി. നിരവധി ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞു നിന്നു. സ്വന്തം കുടുംബത്തിന് സാമ്പത്തികമായി നല്ല നേട്ടമുണ്ടാക്കിക്കൊടുത്തു.

ഇതാണോ അവാര്‍ഡിന് അര്‍ഹത നേടിക്കൊടുത്തതെന്ന് ചിന്തിച്ച് നെറ്റിചുളിക്കേണ്ട. ഇതെല്ലാം ചെയ്തത് രത്തംബോര്‍ നാഷണല്‍ പാര്‍ക്കിലെ മച്ചലി എന്ന പെണ്‍പുലിയാണ്. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റേഴ്സ് ഫോര്‍ ടൈഗേഴ്സ് (ടി‌ഒ‌എഫ്‌ടി) എന്ന സര്‍ക്കാരിതര സംഘടനയാണ് മച്ചലിയെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചത്.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മച്ചലിയുടെ സുഹൃത്തും രക്ഷകര്‍ത്താ‍വും സാന്‍‌ക്ച്വറി ഫീല്‍ഡ് ഡയറക്ടറുമായ ഷഫാത് ഹുസൈന്‍ പുരക്സാരം ഏറ്റുവാങ്ങി. ഇനിയും മച്ചലിയെക്കുറിച്ച് മതിപ്പ് തോന്നുന്നില്ലെങ്കില്‍ മച്ചലിയെ സന്ദര്‍ശിക്കാനെത്തിയിട്ടുള്ളവരുടെ പേരുകളിലൂടെയൊന്ന് കണ്ണൊടിച്ച് നോക്കൂ.

ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍, ബോളിവുഡ് പ്രമുഖര്‍... ആ പേരുകള്‍ നീണ്ടു പോകുന്നു. എന്താ യെവള്‍ പുലിയല്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :