ജനപ്രീതിയില്‍ തമിഴ്നാട്ടിലെ രണ്ടാമത്തെ താരമായ ഇളയ ദളപതിയുടെ സഹായത്തിന് ഡിവൈഎഫ്‌ഐ രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും കുടുബവും തമിഴ് സിനിമയെ കയ്യടക്കി വച്ചിരിക്കുകയാണെന്നും അതിന്റെ ഇരയാണ് ഇളയ ദളപതി വിജയ് എന്നുമാണ് ഡിവൈഎഫ്‌ഐ പറയുന്നത്. ഹിറ്റില്‍ നിന്ന് സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന കാവലന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിജയ് ഏറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. അവസാനം പലരുടെയും കാലുപിടിച്ചാണ് തന്റെ സിനിമയ്ക്ക് വിജയ് തീയേറ്ററുകള്‍ ഒപ്പിച്ചതും സിനിമ റിലീസ് ചെയ്തതും.
“വിജയ്‌യുടെ പുതിയ സിനിമയായ കാവലന്‍ റിലീസ് ചെയ്യാതിരിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു. അത്രയ്ക്ക് പ്രതിസന്ധികളാണ് സിനിമ നേരിട്ടത്. അവസാനം സിനിമ റിലീസായി. ഇപ്പോഴിതാ വിജയ്‌യുടെ ആരാധകരെ ഡിഎംകെ ആക്രമിക്കുകയാണ്. പല തീയേറ്ററുകളിലും കാവലന്റെ പ്രദര്‍ശനം ഡിഎംകെ പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. സിനിമയുടെ ബാനറുകള്‍ കീറിക്കളഞ്ഞു. വിജയ്‌യുടെ ആരാധകരെ ആക്രമിക്കുകയും ചെയ്തു.”
“ഇതുവരെ കരുണാനിധിയുടെ കുടുംബം പരോക്ഷമായിട്ടാണ് താരങ്ങളെയും നിര്‍മാതാക്കളെയും ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയിരുന്നത്. എന്നാലിപ്പോള്‍ വിജയ്‌യുടെ കാര്യത്തില്‍ ഭീഷണിയും ആക്രമണവും നേരിട്ടാണ്. മൃഗീയമായ ഫാസിസമാണ് കരുണാനിധിയുടെ കുടുംബം സിനിമാരംഗത്ത് നടത്തുന്നത്” - ഡിവൈഎഫ്‌ഐ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
മുന്നൂറ്റിയമ്പത് തീയേറ്ററുകളില്‍ റിലീസ് ആവുകയും വന്‍ ഹിറ്റായി മാറുകയും ചെയ്ത കാവലന്‍ ഇപ്പോള്‍ പുതിയ പ്രതിസന്ധിയിലാണ്. കാവലന്റെ പഴയ നിര്‍മാതാവായ ശക്തി ചിദംബരം തീയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ അവകാശം തനിക്കാണെന്നും ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് പ്രദര്‍ശിപ്പിക്കണമെന്നുമാണ് ശക്തി ചിദംബരത്തിന്റെ ആവശ്യം. ഈ പുതിയ പ്രതിസന്ധി ഉണ്ടാക്കിയതും കരുണാനിധിയുടെ കുടുംബമാണെന്ന് പറയപ്പെടുന്നു.
കാവലന്റെ റിലീസിന് മുമ്പ് ജയലളിതയുമായി വിജയ്‌യുടെ പിതാവ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇക്കഴിഞ്ഞ ദിവസം വിജയ് പറഞ്ഞത്. എന്തായാലും ജയലളിതയുടെ എഐഎഡിഎംകെ മുന്നണിയിലുള്ള സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നേരിട്ട് വിജയ്‌യുടെ സഹായത്തിന് എത്തിയിരിക്കുന്നത് തമിഴ്നാട്ടില്‍ നടക്കുന്ന രാഷ്ട്രീയധ്രുവീകരണത്തിന്റെ മുന്നോടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.