ഇറാനും ഗള്‍ഫ് മേഖലയും ഉത്തരേന്ത്യയും കുലുങ്ങിവിറച്ചു; ഇറാനില്‍ നൂറിലേറെ മരണം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഇറാനെയും ഗള്‍ഫ് മേഖലയേയും ഒപ്പം ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയും ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ഇറാനില്‍ നൂറിലേറെ പേര്‍ മരിച്ചു എന്നാണ് അനൌദ്യോഗിക വിവരം. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അഞ്ച് പേര്‍ മരിച്ചു. ഇറാനില്‍ കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ റിക്ടര്‍ സ്കെയില്‍ 7.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. യുറേഷ്യന്‍ പ്ലേറ്റിലാണ് ചലനം ഉണ്ടായത്. ഇറാനില്‍ 40 പേര്‍ മരിച്ചതായി ഇറാന്‍ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖഷ് പട്ടണത്തില്‍ നിന്ന് 90 കിലോമീറ്റര്‍ തെക്ക്കിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 15 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
ഗള്‍ഫ് മേഖലയിലും ഇതിന്റെ ശക്തമായ തുടര്‍ ചലനങ്ങള്‍ ഉണ്ടായി. അല്‍-ഐന്‍, ദുബായ്, ഷാര്‍ജ, അബുദാബി, ഖത്തര്‍, സൌദി, ഒമാന്‍ തുടങ്ങിയ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ആളുകള്‍ ഭയന്ന് കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലും ചലനം അനുഭവപ്പെട്ടു.
ഉത്തരേന്ത്യയിലും ഇതേസമയം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ചലനമാണ് ഡല്‍ഹിയിലുണ്ടായത്. വൈകുന്നേരം 4.19നാണ് ഭൂചലനം അനുഭവപ്പെട്ടത്. ജയ്പൂര്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നും ഭൂചലനത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. അഹമ്മദാബാദ്, സൂറത്ത് തുടങ്ങി ഗുജറാത്തിന്‍റെ പല പ്രദേശങ്ങളിലും വലിയ കമ്പനമാണ് ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ അസമിലും മറ്റ് വടക്ക് കിഴക്കന്‍ മേഖലയിലും നേരിയ ചലനം അനുഭവപ്പെട്ടിരുന്നു.
തെക്കന്‍ ഇറാനിലും ഗള്‍ഫ് മേഖലയിലും കഴിഞ്ഞ ആഴ്ച ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. തെക്കന്‍ ഇറാനിലെ ജനസാന്ദ്രതയുള്ള ബഷര്‍ മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 40 ഓളം പേര്‍ മരിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളാണ് അന്ന് ഗള്‍ഫ് മേഖലയില്‍ ഉണ്ടായത്. ഇറാനിലെ ശക്തമായ ഭൂചലനത്തോടെ ആണവനിലയങ്ങളെക്കുറിച്ചുള്ള ഭീതിയും വര്‍ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ബഷറിലെ ആണവനിലയത്തില്‍ നിന്ന് വികിരണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.