ഇന്ത്യയും തായ്‌ലന്‍ഡും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറായി

ബാങ്കോക്ക്| WEBDUNIA|
PTI
PTI
ഇന്ത്യയും തായ്‌ലന്‍ഡും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പു വെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രണ്ടുദിവസം നീളുന്ന സന്ദര്‍ശനവേളയിലാണ് 20 വര്‍ഷമായി ചര്‍ച്ചയിലിരുന്ന കരാറിന് അന്തിമരൂപമായത്.

അന്താരാഷ്ട്ര കുറ്റവാളികളും അധോലോക സംഘങ്ങളും കാലങ്ങളായി അഭയംതേടിയ രാജ്യമാണ് തായ്‌ലന്‍ഡ്. തായ്‌ലന്‍ഡുമായി കരാറുണ്ടായത് ഇന്ത്യന്‍ സുരക്ഷാരംഗത്തെ കൂടുതല്‍ ബലപ്പെടുത്തും. അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാനസഹായി മുന്ന സിംഗഡ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികളെ കൈമാറാന്‍ ഈ കരാര്‍ സഹായിക്കും.

ഐ ടി, ബഹിരാകാശ പര്യവേക്ഷണം, വിദ്യാഭ്യാസം, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗ രൂപവത്കരണം തുടങ്ങിയ ഏഴ് കരാറുകളാണ് തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിങ്ഗ്ലുക് ഷിനവത്രയും മന്‍മോഹന്‍ സിംഗും ഒപ്പുവെച്ചത്. ഹവാല ഇടപാടുകളും തീവ്രവാദത്തിനുള്ള ധനസഹായവും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് തായ്‌ലന്‍ഡ് ഹവാലാ വിരുദ്ധ ഓര്‍ഗനൈസേഷനും ഇന്ത്യയുടെ സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാ സഹകരണരംഗത്ത് വന്‍ മുന്നേറ്റമാണ് ഇതിലൂടെ നേടിയതെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഇന്ത്യന്‍ വിഷയങ്ങള്‍ക്ക് ബിരുദ കോഴ്‌സുകളുള്ള തമ്മസാത് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മന്‍മോഹനും ഷിനവത്രയും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. ഉഭയകക്ഷിബന്ധം വളരുന്നുവെന്ന് സൂചനനല്‍കി ബോധ്ഗയയില്‍നിന്ന് കൊണ്ടുവന്ന യഥാര്‍ഥ ബോധിവൃക്ഷത്തിന്റെ മാതൃക പ്രാധാനമന്ത്രി തായ്‌ലന്‍ഡ് രാജാവിന് സമ്മാനിച്ചു.

മൂന്നു ദിവസത്തെ ജപ്പാന്‍ പര്യടനത്തിനുശേഷമാണ് പ്രധാനമന്ത്രി തായ്‌ലന്‍ഡിലെത്തിയത്. 2004-നുശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :