വിവാദമായ ആരുഷി-ഹേംരാജ് വധക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടതിനെ ആരുഷിയുടെ രൂക്ഷമായി വിമര്‍ശിച്ചു. ഇല്ലാക്കഥകള്‍ മെനഞ്ഞ് തങ്ങളെ ഇരുമ്പഴികള്‍ക്കുള്ളില്‍ തള്ളാന്‍ ശ്രമിക്കുന്ന ഇന്ത്യയൊരു വെള്ളരിക്കാപ്പട്ടണം ആണെന്നാണ് ആരുഷിയുടെ പിതാവ് ഡോക്‌ടര്‍ രാജേഷ് തല്‍വാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.
“ഇന്ത്യയൊരു വെള്ളരിക്കപ്പട്ടണമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ പൊന്നോമനയെ നഷ്ടപ്പെട്ടു. എന്നിട്ടും ഞങ്ങളെ പീഡിപ്പിക്കുന്നത് നോക്കൂ.. എന്തിനാണ് രാജ്യം ഞങ്ങളെ എങ്ങിനെ പരിഹസിക്കുന്നത്? സിബിഐയില്‍ നിന്ന് നീതി ലഭിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഒന്നിനുപിറകെ ഒന്നായി അവര്‍ പുതിയ കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ്. അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിന് മുമ്പേ ഞങ്ങളെ ക്രൂശിക്കാന്‍ തുടങ്ങി. സത്യത്തില്‍, ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്” - രാജേഷ് തല്‍വാര്‍ പറഞ്ഞു.
കൊലക്കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ തള്ളിയാണ് ഡോക്‌ടര്‍ ദമ്പതികളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരെ സിബിഐ ജഡ്ജി പ്രീതി സിംഗ് പ്രതിചേര്‍ത്തത്. കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണു കോടതി നിര്‍ദേശിച്ചത്.
2008 മെയ് 15-നാണ് നോയ്ഡ സെക്റ്റര്‍ 25-ലെ വീട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാജേഷ് തല്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 57 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്കുശേഷം തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.
തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐയും ആരുഷിയെ കൊന്നത് മാതാപിതാക്കള്‍ തന്നെയാണെന്ന് പറഞ്ഞിരുന്നു. ആരുഷിയുടെ വധത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്നും എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണു സിബിഐ കോടതിയെ സമീപിച്ചത്. ഈ അപേക്ഷയാണു കോടതി തള്ളിയത്.
പൊലീസും സിബിഐയും അന്വേഷിച്ചിട്ടും ആരുഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം മകളെ അരുംകൊലയ്ക്ക് വിധേയമാക്കാന്‍ മാത്രം എന്താണ് ഉണ്ടായതെന്ന് പറയാനും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാത്തതും കേസിനെ ദുരൂഹമാക്കുന്നു.