ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് യുദ്ധം കാണാന്‍ ആരാധകര്‍ എന്നേ തയ്യാറെടുത്തു തുടങ്ങി. എന്നാല്‍, ഇത്തവണ ‘ബ്ലാക്കി’ല്‍ ടിക്കറ്റ് വാങ്ങി സ്റ്റേഡിയത്തിലെത്തി നേരിട്ട് കളി കാണാമെന്ന് കരുതുന്നവര്‍ക്ക് കുറെയേറെ പണം ചെലവാകും! ഇന്ത്യ ഓസീസിനെ മുട്ടികുത്തിച്ച് വരുന്ന വരവായതിനാല്‍ ബ്ലാക്ക് ടിക്കറ്റിന്റെ വില കുത്തനെ കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ സാധാരണ നൂറോ ഇരുന്നൂറോ രൂപ മാത്രം അധികം വാങ്ങിയായിരുന്നു ടിക്കറ്റ് വിറ്റുകൊണ്ടിരുന്നത്. എന്നാല്‍, വളരെക്കാലം കൂടി ഒരു ഇന്ത്യ - പാക് കളി വരികയായതിനാല്‍ കരിഞ്ചന്തക്കാരും വില കുത്തനെ കൂട്ടിയത്രേ!
250, 500 രൂപ വിലയുള്ള ടിക്കറ്റുകള്‍ക്ക് കരിഞ്ചന്തയില്‍ ഇരട്ടി വിലയായി. അതേസമയം, ഒരു 1000 രൂപ ടിക്കറ്റിന് ഇപ്പോള്‍ 7000 രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഇപ്പോഴത്തെ വില, കളിയുടെ ദിവസം അടുക്കുന്തോറും ടിക്കറ്റിന് കരിഞ്ചന്തയിലെ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.