ഇന്ത്യ-പാക് ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനം

തിംഫു| WEBDUNIA|
PTI
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പരസ്പരവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നിടാനാണ് സിംഗും ഗീലാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനിച്ചത്.

പതിനാറാം സാര്‍ക്ക് ഉച്ചകോടിയുടെ ഇടവേളയില്‍ ഭൂട്ടാന്‍ ഹൌസില്‍ വച്ചായിരുന്നു പ്രധാനപ്പെട്ട നടന്നത്. മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പാകിസ്ഥാന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതും ഭീകര പ്രവര്‍ത്തനവുമാണ് ചര്‍ച്ചയില്‍ ഇന്ത്യ പ്രധാനമായും ഉന്നയിച്ച പ്രശ്നം. എന്നാല്‍, ഭീകരവാദവും നയതന്ത്ര ബന്ധവും ബന്ധപ്പെടുത്തരുത് എന്നായിരുന്നു ഗീലാനി വാദിച്ചത്.

ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച സൃഷ്ടിപരമായിരുന്നു എന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. ഇരു നേതാക്കളും തുറന്ന ചര്‍ച്ചയാണ് നടത്തിയത്. ദക്ഷിണേഷ്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് സിംഗും ഗീലാനിയും അംഗീകരിച്ചതായും നിരുപമ പറഞ്ഞു.
PTI


ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും എന്നാല്‍ ഭീകരതയാണ് ഇതിനു തടസ്സമാവുന്നത് എന്നും സിംഗ് ഗീലാനിയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ച എത്രയും പെട്ടെന്ന് തുടരാനും സിംഗ്-ഗിലാനി കൂടിക്കാഴ്ചയില്‍ തീരുമാനമായി.

സിംഗും ഗീലാനിയും മാത്രമായുള്ള കൂടിക്കാഴ്ച അമ്പത് മിനിറ്റോളം നീണ്ടു. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെക്രട്ടറിതല സംഘം കൂടിക്കാഴ്ച നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :