പണം വാരിയെറിഞ്ഞ് നടത്തുന്ന ഗുജ്ജാര്‍ കല്യാണങ്ങള്‍ ഉത്തരേന്ത്യയില്‍ പതിവ് കാര്യമാണ്. ആഡംബരത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ മറ്റൊരു കൂട്ടര്‍ക്കും സാധിക്കാറുമില്ല. രാഷ്‌ട്രീയക്കാരാണെങ്കില്‍ വിവാഹത്തിന്റെ പകിട്ട് ഒന്നുകൂടി വര്‍ദ്ധിക്കും. എന്നാല്‍ ഡല്‍ഹിക്കാര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ഥമായ ഒരു ഗുജ്ജാര്‍ കല്യാണമാണ് ചൊവ്വാഴ്ച നടന്നത്.
കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ കന്‍വാര്‍ സിംഗ് തന്‍വാറിന്റെ മകന്‍ ലളിതാണ് വരന്‍. വധുവാകട്ടെ ഹരിയാനയിലെ സോഹ്‌നയില്‍ നിന്നുള്ള മുന്‍ സ്വതന്ത്ര എം എല്‍ എ സുഖ്ബീര്‍ സിംഗ് ജോനാപുരിയയുടെ മകള്‍ യോഗിതയും.
വിവാഹത്തിന്റെ മൊത്തം ചിലവ് നൂറുകോടിയിലേറെ വരും. 33 കോടി രൂപ വിലവരുന്ന ഹെലികോപ്ടറാണ് ജോനാപുരിയ മരുമകന് സമ്മാനമായി നല്‍കിയത്. 154 കോടിയുടെ ആസ്തിയുള്ള ഒരു കുടുബത്തിലേക്ക് മകളെ പറഞ്ഞയക്കുമ്പോള്‍ അതില്‍ കുറഞ്ഞൊന്നും ജോനാപുരിയയ്ക്ക് ചിന്തിക്കാന്‍ കഴിയില്ലല്ലോ. ഏഴ് സീറ്റുകളുള്ള ഈ ഹെലികോപ്ടര്‍ വ്യാഴാഴ്ച തന്‍വാറിന്റെ വീട്ടിലേക്ക് പുറപ്പെടും. വധുവിന്റെ വീട്ടിലേക്ക് വരന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത് പോകുന്ന ചടങ്ങൊക്കെ ഈ നാട്ടുകാര്‍ മുമ്പു കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് അവരും സാക്‍ഷ്യപ്പെടുത്തുന്നു.
ദക്ഷിണ ഡല്‍ഹിയില്‍ കടുകും കരിമ്പും കൃഷിചെയ്യുന്ന രണ്ടര ഏക്കര്‍ പാടത്താണ് വിവാഹ വേദി ഒരുക്കിയത്. കൊട്ടാര സദൃശ്യമായ വേദി തയ്യാറാക്കിയതാകട്ടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച കലാകാരന്മാരും. ഒരു മാസമെടുത്താണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.
തീര്‍ന്നില്ല വിശേഷം, വിവാഹത്തിന് വരനെ ഒരുക്കാനെത്തിയവരുടെ സംഘത്തിലുണ്ടായിരുന്ന ഒരു ബാര്‍ബര്‍ക്ക് സമ്മാനമായി ലഭിച്ചത് രണ്ടര ലക്ഷം രൂപയാണ്!
എന്നാല്‍ ഇത് ഇത്ര വലിയ വാര്‍ത്തയാകേണ്ട കാര്യമില്ലെന്നാണ് വധൂവരന്മാരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഗുജ്ജാര്‍ വിഭാഗക്കാര്‍ക്കിടയില്‍ അതിന് പുതുമയില്ലല്ലോ. ഒരു എം എല്‍ എ യുടെ മകന് ഈയിടെ വിവാഹസമ്മാനമായി കിട്ടിയത് രണ്ട് സാന്‍ട്രോയും ഒരു എന്റവറും ഒരു ഫാം ഹൌസുമാണ്. ഒപ്പം നല്ലൊരു തുക പോക്കറ്റ് മണിയും വധുവിന്റെ മാതാപിതാക്കള്‍ കൊടുത്തു.
വരന് മാത്രമല്ല പെണ്ണിനെയും ചെറുക്കനെയും ഒരുക്കാന്‍ വരുന്നവര്‍ക്കും പിന്നെ ഒത്താശ ചെയ്യുന്നവര്‍ക്കും കിട്ടും വിലപിടിച്ച സമ്മാനങ്ങള്‍. ബൈക്കും സാന്‍ട്രോ കാറും വരെ തനിക്ക് നല്‍കിയവര്‍ ഉണ്ടെന്ന് ഗാസിയാബാദില്‍ നിന്നുള്ള ഒരു ബാര്‍ബര്‍ പറയുന്നു. ഒരു ഗുജ്ജാര്‍ കല്യാണം കൂടുക വഴി ഒത്താശ ചെയ്യുന്നവര്‍ക്കും പണക്കാരാവാം എന്നു ചുരുക്കം.