ആരുഷി കേസ് അവസാനിപ്പിക്കുന്നതിനുള്ള സിബിഐ അപേക്ഷ ഗാസിയാബാദ് കോടതി തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കേസ് അവസാനിപ്പിക്കുന്നതിന് സിബിഐ തിടുക്കം കാട്ടുന്നത് എന്തെന്ന് അപേക്ഷ സ്വീകരിച്ചുകൊണ്ട് കോടതി ചോദിച്ചു.
കേസ് അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ സ്വീകരിച്ച പ്രത്യേക ജഡ്ജി പ്രീതി സിംഗ് അനുബന്ധ പ്രമാണങ്ങള്‍ എവിടെയെന്നും അന്വേഷണ ഏജന്‍സിയോട് ചോദിച്ചു. എന്നാല്‍, കേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് പതിവെന്നും പിന്നാലെ ബന്ധപ്പെട്ട പ്രമാണങ്ങള്‍ ഹാജരാക്കാമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അനുബന്ധ പ്രമാണങ്ങള്‍ സമര്‍പ്പിക്കുന്നതിന് കോടതി കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവം കാരണമാണ് കേസ് അവസാനിപ്പിക്കുന്നത് എന്നാണ് സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
പതിനാലുകാരിയായ ആരുഷിയും വീട്ടുജോലിക്കാരന്‍ ഹേംരാജും 2008 മെയ് 15നു രാത്രിയിലാണ് നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. ആരുഷിയുടെ മൃതദേഹം വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തതിന് അടുത്ത ദിവസമാണ് ജോലിക്കാരന്റെ മൃതദേഹം ടെറസില്‍ നിന്ന് കണ്ടെടുത്തത്.
ആരുഷിയുടെ പിതാവ് ഡോ. രാജേഷ് തല്‍വാറിനെ പൊലീസ് സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തെളിവുകളില്ലാത്തതിനാല്‍ സിബിഐ തല്‍വാറിനെ കുറ്റവിമുക്തനാക്കി. തന്റെ അവിഹിത ബന്ധം മറയ്ക്കാനും ആരുഷിയും ഹേംരാജും തമ്മില്‍ അടുപ്പത്തിലാണ് എന്ന സംശയവുമാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസ് ഭാഷ്യം.