ആനപ്രതിമ മൂടാന്‍ പറഞ്ഞ കമ്മിഷന്‍ കൈപ്പത്തി മൂടാത്തതെന്ത്?-മായാവതി

ലക്‍നൌ| WEBDUNIA|
PRO
PRO
ആനപ്രതിമകളെ മൂടണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം അനാവശ്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. ബി എസ് പിയുടെ ചിഹ്നമെന്ന് പറഞ്ഞ് ആനകളുടെ പ്രതിമകള്‍ മറച്ചു വച്ച കമ്മിഷന്‍ കൈപ്പത്തികള്‍ മൂടത്തതെന്താണെന്ന് മായാവതി ചോദിച്ചു. ക്ഷേത്രത്തില്‍ ദേവിദേവന്മാര്‍ അനുഗ്രഹമുദ്രയായി കാണിക്കുന്നത് കൈപ്പത്തിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബി ജെ പിയുടെ ചിഹ്നമായ താമര എവിടെയെല്ലാം കാണുന്നു. ഇവയൊക്കെ മൂടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകുമോയെന്നും അവര്‍ ചോദിച്ചു.

ആനപ്രതിമകളെക്കുറിച്ച് എതിര്‍പാര്‍ട്ടികള്‍ അനാവശ്യ പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. ഭാരതീയ സംസ്കാരത്തില്‍ സ്വാഗത ചിഹ്നമാണ് ആന. ആ അര്‍ത്ഥത്തിലാണ് ആനയുടെ പ്രതിമ സ്ഥാപിച്ചതെന്നും മായാവതി പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആനപ്രതിമ മൂടാന്‍ ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ വിചിത്രമായ തീരുമാനം. പഞ്ചാബിലെ ചാണ്ഡിഗഡില്‍ കോടിക്കണക്കിന് രൂപ ചിലവിട്ട് കോണ്‍ഗ്രസ് നിര്‍മ്മിച്ച പാര്‍ക്കില്‍ കൈപ്പത്തിക്ക് സാമ്യമുള്ള ശി‌ല്പം സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി. തന്റെ അന്‍പത്താറാം പിറന്നാള്‍ ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :