ആണവക്കരാര്‍: ഉടന്‍ ചര്‍ച്ചയില്ല

ന്യൂഡല്‍ഹി| WEBDUNIA|
ഇന്തോ-യു.എസ് ആണവക്കരാര്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്‍റെ തുടക്കത്തില്‍ ചര്‍ച്ച ചെയ്യില്ല. സമ്മേളനം തുടങ്ങി രണ്ട് ആഴ്‌ചക്കു ശേഷമായിരിക്കും ആണവക്കരാര്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുക.

ആണവക്കരാര്‍ ഈ ആഴ്‌ച ചര്‍ച്ച ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് വിദേശ പര്യടനത്തിന് പുറപ്പെടുന്നതിനാലാണ് സര്‍ക്കാര്‍ തീരുമാ‍നം മാറ്റിയത്.

പുതുക്കിയ തിയതി വ്യാഴാഴ്‌ച ചേരുന്ന പാര്‍ലമെന്‍റിന്‍റെ ഉപദേശകസമിതി തീരുമാനിക്കുമെന്ന് സൂചനയുണ്ട്. വ്യാഴാഴ്‌ച ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം പ്രക്ഷുബ്‌ധമാവാന്‍ സാദ്ധ്യതയേറെയാണ്.

പാര്‍ലമെന്‍റ് നടപടികള്‍ സുഗമമായി നടത്തുവാന്‍ ലോക്‍സഭ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വ്യാഴാഴ്‌ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇടതുപക്ഷവും ബി.ജെ.പിയും ഏറ്റുമുട്ടിയിരുന്നു.

നന്ദിഗ്രാം ഒരു സംസ്ഥാനത്തിന്‍റെ ക്രമസമാധാ‍ന പ്രശ്‌നമാണെന്ന് ഇടതുപക്ഷം പറഞ്ഞപ്പോള്‍ അത് ദേശീയ പ്രശ്‌നമാണെന്നും പാര്‍ലമെന്‍റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

ഗുജറാത്ത് കലാപത്തിന് ആവശ്യമായ സഹായങ്ങള്‍ നരേന്ദ്രമോഡി ചെയ്‌തുകൊടുത്തുവെന്ന തെഹല്‍ക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഐക്യപുരോഗന സഖ്യം ബി.ജെ.പിയെ അക്രമിക്കാനൊരുങ്ങുമ്പോള്‍ ബി.ജെ.പി പ്രധാനമായും നന്ദിഗ്രാം വിഷയം മുന്‍‌നിര്‍ത്തിയായിരിക്കും ഐക്യപുരോഗമന സഖ്യത്തെ നേരിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :