ആണവ കരാര്‍ മുന്നോട്ട്: മേനോന്‍

PRATHAPA CHANDRAN| Last Modified വ്യാഴം, 12 മാര്‍ച്ച് 2009 (10:24 IST)
വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് ആണവ സഹകരണ കരാര്‍ മുന്നോട്ടുള്ള പാതയിലാണെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. കരാറിന്മേല്‍ ആവര്‍ത്തിച്ചുള്ള ഉറപ്പ് ലഭിച്ചതായി മേനോന്‍ കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍ ഭരണകാലത്ത് ഒരു ഡമോക്രാറ്റിക് കോണ്‍ഗ്രസ് പാസാക്കിയതാണ് എന്നുള്ളതാണ് കരാറിന്‍റെ ശക്തി. ബുഷ് ഭരണകാലത്ത് പാസാക്കിയതിനാല്‍ ഒബാമ ഭരണകൂടം കരാറിന് വേണ്ടത്ര പരിഗണന നല്‍കുകയില്ല എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും മേനോന്‍ പറഞ്ഞു.

കരാറില്‍ എത്തിയതോടെ സാമ്പത്തിക രംഗം മുതല്‍ ഊര്‍ജ്ജോത്പാദനം വരെയുള്ള വരെയുള്ള വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഒരുമിച്ചു മുന്നോട്ടു പോവാന്‍ ഇരുപക്ഷവും തീരുമാനിച്ചിരിക്കുകയാണ്.

കരാര്‍ പ്രാവര്‍ത്തികമാക്കാനായി ഇന്ത്യയും അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായി ഒരു താല്‍ക്കാലിക അധിക ഉടമ്പടിയില്‍ കൂടി ഒപ്പുവയ്ക്കും. ഇതിനായുള്ള നിയമ നിര്‍മ്മാണം നടക്കുകയാണെന്നും മേനോന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന മേനോന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറില്‍ ഹിലാരി ക്ലിന്‍റണുമായും രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വില്യംസ് ബേണ്‍സുമായും ചര്‍ച്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :