വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മൊഹമ്മദ് അസ്‌ഹറുദ്ദീന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന. ഉത്തര്‍പ്രദേശിലെ മൊറാദബാദ്, മീററ്റ് എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നിലായിരിക്കും അസ്‌ഹറിനെ മത്സരിപ്പിക്കുക എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് വ്യക്തമാക്കി.
ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവുന്ന മണ്ഡലങ്ങളാണ് മൊറാദാബാദും മീററ്റും. ഉത്തര്‍പ്രദേശില്‍ ഒരു തിരിച്ചുവരവ് നടത്താനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്‍റെ ഭാഗമാണ് അസ്‌ഹറിനെ ഇവിടെ മത്സരിപ്പിക്കാനുള്ള തിരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
നേരത്തെ, അസ്‌ഹര്‍ രാജസ്ഥാനിലെ ടോങ്ക് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു സൂചനകള്‍.
അസ്‌ഹര്‍ മത്സരിക്കുകയാണെങ്കില്‍, ഇത്തവണ ക്രിക്കറ്റ് രംഗത്ത് നിന്നുള്ള രണ്ടാമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കും. ഹിമാചല്‍പ്രദേശിലെ ഹമിര്‍പൂരില്‍ നിന്ന് മത്സരിക്കുന്ന മദന്‍ലാലാണ് മറ്റൊരു ക്രിക്കറ്റ് പ്രമുഖന്‍.
ഉത്തപ്രദേശില്‍ നിന്നുള്ള 39 സ്ഥാനാര്‍ത്ഥികളുടെ പേര് വിവരം ഇതിനോടകം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.