അസീമാനന്ദ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍

ചണ്ഡീഗഡ്| WEBDUNIA|
PRO
PRO
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട സ്വാമി അസീമാനന്ദയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. പാഞ്ച് കുളയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജനുവരി 27 വരെ അസീമാനന്ദയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

കനത്ത സുരക്ഷയിലാണ് അസീമാനന്ദയെ കോടതിയില്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കോടതി ഉത്തരവിന് ശേഷം അസീമാനന്ദയെ ഹരിയാനയിലെ അംബാന ജയിലിലേക്ക് കൊണ്ടുപോയി.

അജ്മീര്‍ ആരാധനാലയം സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഹിന്ദു വിശ്വാസികളെ അകറ്റാന്‍ വേണ്ടിയാണ് 2007ല്‍ അവിടെ സ്ഫോടനം നടത്തിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അജ്മീര്‍ സ്ഫോടനത്തിന് ശേഷം മുന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുനില്‍ ജോഷിയും രാജ്, മെഹുല്‍ എന്ന പേരുള്ള രണ്ട് പേരും തന്നെ ആശ്രമത്തില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും തന്റെ ആള്‍ക്കാരാണ് ബോംബ് വച്ചതെന്ന് ജോഷി പറഞ്ഞതായും സ്വാമി പറഞ്ഞിരുന്നു. സ്ഫോടനം നടന്ന സമയത്ത് ജോഷി സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും മുതിര്‍ന്ന ആര്‍ എസ് എസ് നേതാവായ ഇന്ദ്രേഷാണ് ബോംബ് സ്ഥാപിക്കാന്‍ രണ്ട് മുസ്ളീം യുവാക്കളെ നല്‍കിയതെന്നും ജോഷി പറഞ്ഞതായി സ്വാമി മൊഴി നല്‍കിയിരുന്നു.

ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് സര്‍വീസ് നടത്തിയിരുന്ന സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരി 18 ല്‍ ഉണ്ടായ സ്ഫോടനവവുമായി ബന്ധപ്പെട്ട കേസിലാണ് അസീമാനന്ദയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തില്‍ 68 പാകിസ്ഥാന്‍ പൌരന്മാരാണ് കൊല്ലപ്പെട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :