അശോക് ചവാനു പകരം ആര്?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (14:21 IST)
ആദര്‍ശ് ഹൌസിംഗ് സൊസൈറ്റി അഴിമതിയില്‍ കുടുങ്ങിയ അശോക് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറായി. എന്നാല്‍, ചവാന്റെ രാജി അംഗീകരിച്ചാല്‍ പകരം ആരെ നിയമിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ് എന്ന് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സഹമന്ത്രിമാരായ പൃഥ്വിരാജ് ചവാന്‍, മുകുള്‍ വാസ്നിക്, ഗുരുദാസ് കാമത്ത് എന്നിവരുടെ പേരുകളാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുന്നത്. ഇവരില്‍ ആരെങ്കിലും അശോക് ചവാന് പകരമെത്തുമെന്നാണ് സൂചനകള്‍.

പടിഞ്ഞാറന്‍ മഹാ‍രാഷ്ട്രയില്‍ നിന്നുള്ള അറുപത്തിനാലുകാരനായ പൃഥ്വിരാജിന് ഗാന്ധി കുടുംബത്തിന്റെയും പ്രധാനമന്ത്രിയുടെയും പിന്തുണ ഉണ്ട്. എന്നാല്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് ശേഷം ഒരു ദളിത് മുഖ്യമന്ത്രിയെ ആണ് പാര്‍ട്ടി പരീക്ഷിക്കുന്നതെങ്കില്‍ വിദര്‍ഭയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്കിന് ആയിരിക്കും നറുക്ക് വീഴുക. ഗുരുദാസ് കാമത്തിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

വിലാസ്‌റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, നാരായണ്‍ റാണെ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത തീരെക്കുറവാണെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ഇവര്‍ക്ക് ഹൌസിംഗ് സൊസെറ്റി അഴിമതിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കായി കൊളാബയില്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 31 നില ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചതിലും അതിന്റെ വിതരണത്തിലും വ്യാപക അഴിമതി നടന്നതായാണ് സൂചന. ദേശ്മുഖ് തന്റെ ഭാര്യാ മാതാവിനടക്കം മൂന്ന് ബന്ധുക്കള്‍ക്ക് അനധികൃതമായി ഫ്ലാറ്റ് നല്‍കിയെന്നും ആരോപണമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :