അലിഗഡ്|
WEBDUNIA|
Last Modified ശനി, 30 ഏപ്രില്‍ 2011 (16:52 IST)
അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാല അടച്ചു. ബിഹാര്‍, അസംഗഡ് എന്നിവിടങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളാണു ചേരികളായി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. എഎംയു വക്താവ് റാഹത്ത് അബ്‌റാറാണ് സര്‍വ്വകലാശാല അടച്ചിടാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
സര്‍വ്വകലാശാലയില്‍ ആക്രമണം അഴിച്ചുവിട്ട വിദ്യാര്‍ഥികള്‍ ഓഫീസ് സാമഗ്രികള്‍ കൊളളയടിക്കുകയും അഗ്നിക്കിരയാക്കിയതായും ആരോപണമുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളോട് 48 മണിക്കൂറിനുളളില്‍ ഒഴിഞ്ഞു പോകാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അധ്യയന വര്‍ഷത്തിലെ പ്രവേശന നടപടികളില്‍ എഎംയു ഡെപ്യൂട്ടി കണ്‍ട്രോളര്‍ ക്രമക്കേടു നടത്തിയെന്നാരോപിച്ച് അസംഗര്‍ഹില്‍ നിന്നുളള വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ബിഹാറില്‍ നിന്നുളള വിദ്യാര്‍ഥികള്‍ എഎംയു ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്കു പിന്തുണ നല്‍കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരമാണ് അടച്ചിടാന്‍ തീരുമാനൈച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥി നേതാക്കളെല്ലാവരും പ്രശ്നം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമത്തിലാണെന്ന് പ്രമുഖ വിദ്യാര്‍ത്ഥി നേതാവായ മുഷ്താഖ് അഹമ്മദ് പറഞ്ഞു. അടുത്ത ആഴ്ചയാണ് മിക്ക പരീക്ഷകളും നടക്കാനിരിക്കുന്നത്. പ്രശ്നനത്തിന് ഉത്തരവാദികള്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലാ ഭരണാധികാരികളാണെന്ന് മുന്‍ രാജ്യ സഭാംഗവും ഇപ്പോഴത്തെ എഎംയു കോര്‍ട്ട് അംഗവുമായ വസിം അഹമ്മദ് ആരോപിച്ചു. ഇവരെ ഉടന്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ച് വര്‍ഷങ്ങളായി എഎംയുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നില നില്‍ക്കുന്നുണ്ട്.