അര്‍ജുന്‍ സിംഗിന്റെ സംസ്കാ‍രം ഞായറാഴ്ച

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ സിംഗിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഡല്‍ഹി അക്ബര്‍ റോഡ് പതിനേഴാം നമ്പര്‍ വീട്ടില്‍ കൊണ്ടുവരും. അവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം 12 മണിയോടെ മധ്യപ്രദേശിലെ ചുര്‍ഹട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ചുര്‍ഹട്ടിലാണ് ശവസംസ്കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച വൈകുന്നേരം 6.15-ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്) ല്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുനസംഘടിപ്പിച്ചപ്പോള്‍ പ്രവര്‍ത്തകസമിതിയിലേക്കുള്ള സ്ഥിരം ക്ഷണിതാവായി അര്‍ജുന്‍ സിംഗിനെ നിലനിര്‍ത്തിയിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖം കാരണം കഴിഞ്ഞ മാസം 25-ന് ആയിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

മൂന്ന് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. മന്‍‌മോഹന്‍ മന്ത്രിസഭയില്‍ 2004 മുതല്‍ 2009 വരെ മനുഷ്യവിഭവ ശേഷി വകുപ്പ് കൈകാര്യം ചെയ്തു. പി വി നരസിംഹറാവു സര്‍ക്കാരിലും മന്ത്രിയായിരുന്നു. എന്നാല്‍, ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിപദം രാജിവച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ അദ്ദേഹം പിന്നീട് എന്‍ ഡി തിവാരിയുമായി ചേര്‍ന്ന് ഓള്‍ ഇന്ത്യ ഇന്ദിരാ കോണ്‍ഗ്രസ് രൂപീകരിച്ചു. പിന്നീട്, അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. ഇപ്പോള്‍ രാജ്യസഭാംഗമായിര്‍ക്കെയാണ് അന്ത്യം സംഭവിച്ചത്.

പഞ്ചാബ് ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുള്ള അര്‍ജ്ജുന്‍ സിംഗ് 2000ത്തില്‍ മികച്ച പാര്‍ലമെന്‍റേറിയനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക വൈസ് പ്രസിഡന്റ് എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :