അരുന്ധതി റോയിയുടെ വീട് ഇടിച്ചുനിരത്തും

ഭോപ്പാല്‍| WEBDUNIA|
PRO
PRO
പ്രശസ്ത എഴുത്തുകാരിയായും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ഭര്‍ത്താവ് പ്രദീപ്‌ കിഷന്‍ വനം‌കയ്യേറി പണികഴിപ്പിച്ച ‘ഹില്‍‌ടോപ്പ് ബംഗ്ലാവ്’ ഇടിച്ചുനിരത്താന്‍ മധ്യപ്രദേശ് റവന്യൂ കോടതി ഉത്തരവിട്ടു. മധ്യപ്രദേശിലെ പിപറിയിലാണ് പ്രദീപ് കിഷന്‍ ഒരു ബംഗ്ലാവ് പണിതിരിക്കുന്നത്. ബംഗ്ലാവുള്ളത് വനമേഖലയിലാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസിയായ വിജയ്‌ സിംഗാണ് റവന്യൂ കോടതിയെ സമീപിച്ചത്. അനധികൃതമായാണ് പ്രദീപ് ഈ ബംഗ്ലാവ് കെട്ടിപ്പൊക്കിയതെന്ന ആരോപണം കോടതി ശരിവച്ചിരിക്കുകയാണ്.

നിയമം അറിഞ്ഞിരുന്നില്ല എന്നാണ് പ്രദീപിന്റെ വക്കീല്‍ കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ നിയമത്തെ മറികടക്കാന്‍ നിയമം അറിയില്ലെന്ന് പറയുന്നത് അനുവദിച്ച് കൊടുക്കാന്‍ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ബംഗ്ലാവ്‌ ഇടിച്ചുനിരത്താനാണ് കോടതിയുടെ ഉത്തരവ്.

വിനോദസഞ്ചാര കേന്ദ്രമായ പഞ്ച്‌മാര്‍ഹിക്കു സമീപമുള്ള ബരിയാം ഗ്രാമത്തിലെ ഒരു ചെറുകുന്നിനുമുകളില്‍ വനമേഖലയിലാണ്‌ ഈ ബംഗ്ലാവ്‌ സ്ഥിതിചെയ്യുന്നത്. 4,346 ചതുരശ്ര അടിയാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ഇടത്തിന്റെ വലുപ്പം. 1994-ലാണ് പ്രദീപ് ഇത് വാങ്ങിയത്. ബരിയാമിലുള്ള വീട്ടില്‍ താമസിച്ചു വൃക്ഷങ്ങളെക്കുറിച്ച്‌ പഠിച്ചുവരികയാണ്‌ പ്രദീപ്‌ കിഷന്‍.

അരുന്ധതി റോയിയുടെ ഭര്‍ത്താവിന്റെ ബംഗ്ലാവ് മാത്രമല്ല ഇടിച്ചുനിരത്തുക. എഴുത്തുകാരനായ വിക്രം സേത്തിന്റെ സഹോദരി അനുരാധ, ഫോറസ്റ്റ് ഓഫീസര്‍ ജാദവ്, ഡോക്‌ടറായ ചന്ദ്ര ശര്‍മ്മ എന്നിവരുടെ വീടുകളും ഇടിച്ചുനിരത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധിക്കെതിരെ മധ്യപ്രദേശ് റവന്യൂ ബോര്‍ഡിനെ സമീപിക്കുമെന്ന് പ്രദീപിന്റെ വക്കീല്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന അരുന്ധതിക്കും പ്രദീപിനും നാലായിരത്തിയഞ്ഞൂറ്‌ ചതുരശ്ര അടിയില്‍, അതും, വനമേഖലയില്‍ എന്തിനാണ് ഒരു ബംഗ്ലാവ് എന്നാണ് ഉയരുന്ന ഒരു ചോദ്യം. പരിസ്ഥിതി ശാസ്ത്രത്തിലെ ഏറ്റവും വലിയ തത്വങ്ങളിലൊന്ന് വനത്തിലെ ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നാണ്. ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ പ്രദീപ് ഇതിന് കടകവിരുദ്ധമായാണ് ബംഗ്ലാവ് കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നും വിമര്‍ശനമുയരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :