അമിത്തിനെ കോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി| WEBDUNIA|
ഗുഡ്‌ഗാവ് കിഡ്‌നി റാക്കറ്റ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഡോക്‍ടര്‍ അമിത് കുമാറിനെ( 40) വെള്ളിയാഴ്‌ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അമിത് കുമാറിനെ ഫെബ്രുവരി 22 വരെ സി.ബി.ഐ റിമാണ്ടില്‍ വിട്ടിരുന്നു

അമിത് കുമാര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നാനൂറ്റി ഇരുപതാം വകുപ്പ് പ്രകാരം ഗൂഡാലോചന,120 ബി വകുപ്പ് പ്രകാരം വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.

അമിത് കുമാറിനെ നേപ്പാള്‍ പൊലീസ് സി.ബി.ഐയ്‌ക്ക് ഫെബ്രുവരി ഒന്‍പതിനാണ് കൈമാറിയത്. ഇയാളെ നേപ്പാള്‍ പൊലീസ് ഫെബ്രുവരി ഏഴിനാണ് അറസ്റ്റു ചെയ്തത്.

ഈ കേസിലെ മറ്റൊരു മുഖ്യ പ്രതിയായ അമിത് കുമാറിന്‍റെ സഹോദരന്‍ ജീവന്‍ കുമാറിനെ ഡല്‍ഹി കോടതി ഫെബ്രുവരി 29 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അനധികൃതമായി ഇവര്‍ 500 കിഡ്‌നി മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :