താന്‍ വര്‍ഷങ്ങളായി കരള്‍വീക്കത്തിന്റെ പിടിയിലാണെന്ന് ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന്‍. തന്റെ ബ്ലോഗിലാണ് അമിതാഭ് രോഗ വിവരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘കൂലി’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്ന അപകടമാണ് തന്നെ രോഗത്തിലേക്ക് നയിച്ചതെന്നും ബിഗ് ബി പറയുന്നു.
അമിതാഭ് മദ്യപാനി അല്ല എന്നറിയാവുന്നവര്‍ അദ്ദേഹത്തിന് കരള്‍വീക്കമുണ്ടായത് എങ്ങനെയെന്ന് ആലോചിച്ച് അത്ഭുതപ്പെട്ടേക്കാം. 1982 ഓഗസ്റ്റ് 2 ന് ‘കൂലി’യുടെ സെറ്റില്‍ വച്ച് പുനീത് ഇസ്സാര്‍ എന്ന നടനുമായുള്ള സ്റ്റണ്ട് രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കുടലിനു പരുക്ക് പറ്റിയ അമിതാഭ് മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു.
ആശുപത്രിയില്‍ എത്തിച്ച അമിതാഭിന് അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വന്നു. അമിതാഭിന് രക്തം നല്‍കാന്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പട തന്നെ ഉണ്ടായിരുന്നു. 200 പേരാണ് തങ്ങളുടെ പ്രിയപ്പെട്ട നടന് അന്ന് രക്തം നല്‍കിയത്. അറുപത് ബോട്ടില്‍ രക്തം അമിതാഭിന്റെ ശരീരത്തില്‍ കയറ്റിയിരുന്നു.
അജ്ഞാതനായ ഒരു രക്തദാതാവില്‍ നിന്നും രക്തത്തിനൊപ്പം പകര്‍ന്ന് കിട്ടിയ ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് ബച്ചന്റെ കരളിനെ ബാധിച്ചത്. എട്ട് വര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലാണ് കരള്‍ രോഗത്തെ കുറിച്ച് മനസ്സിലായത് എന്നും ബച്ചന്‍ തന്റെ ബ്ലോഗിലൂടെ പറയുന്നു. അന്ന് രോഗം കരളിന്റെ 25 ശതമാനത്തോളം ബാധിച്ചിരുന്നു എന്നും ബച്ചന്‍ ഓര്‍ക്കുന്നു.
ഇപ്പോള്‍, താന്‍ സ്ഥിരമായി താന്‍ കരള്‍ പരിശോധന നടത്താറുണ്ടെന്നും രോഗം പകര്‍ന്ന് കിട്ടിതാണെങ്കിലും താന്‍ സാങ്കേതികമായും വൈദ്യശാസ്ത്രപരമായും ഒരു കരള്‍ രോഗിയാണെന്നും ബച്ചന്‍ പറയുന്നു. മൂന്നു മാസത്തിലൊരിക്കല്‍ താന്‍ കരളിന്റെ എംആര്‍ഐ പരിശോധന നടത്താറുണ്ടെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു.