അമര്‍നാഥ് തീര്‍ഥാടനം ആരംഭിക്കും മുന്‍പു തന്നെ അമര്‍നാഥിലെ ശിവലിംഗം ഉരുകിത്തീരുന്നു. ഇക്കാര്യം ശ്രീ അമര്‍നാഥ് ക്ഷേത്ര ഭരണ സമിതിയും സ്ഥിരീകരിക്കുന്നു. കടുത്ത ചൂടാണ് ശിവലിംഗം ഉരുകിത്തീരാന്‍ കാരണമായി ഭരണ സമിതി ചൂണ്ടിക്കാട്ടുന്നത്.
അമര്‍നാഥ് ശിവലിംഗം ചെറുതായതായി വാര്‍ത്തയുണ്ടായപ്പോള്‍ അമര്‍നാഥ് ക്ഷേത്രഭരണ സമിതി ഇക്കാര്യം നിഷേധിച്ചിരുന്നു. ശിവലിംഗത്തിന്‍റെ ഉയരം കുറഞ്ഞിട്ടില്ലെന്നും വണ്ണത്തില്‍ മാത്രമേ വ്യത്യാസമുണ്ടായിട്ടുള്ളു എന്നും സമിതി വിശദീകരിച്ചിരുന്നു. എന്നാല്‍ 12 അടി ഉയരമുണ്ടായിരുന്ന ശിവലിംഗം 8 അടിയായി കുറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നീരുറവകള്‍ ഒഴുകിയെത്തി രൂപം കൊള്ളുന്ന ശിവലിംഗം കാണാന്‍ വര്‍ഷം തോറും ആയിരക്കണക്കിന് തീര്‍ഥാടകരാണ് കൊടും തണുപ്പും മഴയും കാലാവസ്ഥാ പ്രശ്നങ്ങളും വകവയ്ക്കാതെ അമര്‍നാഥില്‍ എത്തുന്നത്. എന്നാല്‍ ഇത്തവണ തീര്‍ഥാടനം ആരംഭിക്കും മുന്‍പു തന്നെ ശിവലിംഗം ഉരുകിത്തീര്‍ന്നിരിക്കുകയാണ്.
പ്രധാന ശിവലിംഗത്തിനു പുറമേ പാര്‍വ്വതിയുടേയും ഗണപതിയുടെയും പേരില്‍ ഗുഹയിലുണ്ടായിരുന്ന രണ്ട് ചെറു മഞ്ഞുലിംഗങ്ങള്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ തീര്‍ഥടനകാലത്തിനു മുന്‍പ് ശിവലിംഗം ഉരുകിത്തീര്‍ന്നതെ തുടര്‍ന്ന് ക്ഷേത്രബോര്‍ഡ് കൃത്രിമശിവലിംഗം നിര്‍മ്മിച്ചതായി ആരോപണമുണ്ടായിരുന്നു.