അഭിമാനക്കൊലപാതകം നടത്തിയതിന് കഴിഞ്ഞ മാസം വധശിക്ഷ ലഭിച്ച അഞ്ച് പ്രതികള്‍ക്ക് പിന്തുണ നല്‍കാന്‍ ഹരിയാനയിലെയും സമീപ സംസ്ഥാനങ്ങളിലെയും പരമ്പരാഗത മത സമിതിയായ ഖാപ്പിന്റെ ഉന്നതാധികാര സമിതി തീരുമാനിച്ചു.
കുരുക്ഷേത്രയില്‍ നടന്ന ഖാപ്പ് മഹാപഞ്ചായത്ത് ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരേ ഗോത്രത്തില്‍ നിന്നോ ഉപജാതിയില്‍ നിന്നോ ഉള്ള വിവാഹം നിരോധിക്കാനാണ് ഭേദഗതി ആവശ്യപ്പെട്ടത്. ഇത്തരം ആചാരവിരുദ്ധമായ വിവാഹങ്ങള്‍ നടക്കുന്നതിനെതിരെയാണ് ഹരിയാനയിലും പരിസരത്തും അഭിമാനക്കൊലപാതകങ്ങള്‍ നടത്തുന്നത്.
കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ നടത്തിയ കൊലപാതകം സംബന്ധിച്ച കേസില്‍ കര്‍ണാലിലെ ഒരു കോടതി കഴിഞ്ഞ മാസം അഞ്ച് പേര്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. വിധിക്കെതിരെ ദേശീയപാത ഉപരോധിക്കാനും കുറ്റക്കാര്‍ക്ക് സഹായം നല്‍കാന്‍ ധനസമാഹരണം നടത്താനും ഖാപ് മഹാ പഞ്ചായത്ത് തീരുമാനിച്ചു.
മനോജ്-ബബ്‌ലി ദമ്പതികളെ വധിച്ച കുറ്റത്തിനാണ് അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കാന്‍ വിധിച്ചത്. ഒരേ ഗോത്രത്തില്‍ പെട്ട ഇവര്‍ വിവാഹിതരായതാണ് കൊലപാതകത്തിനു കാരണമായത്.